കോഴിക്കോട് : വഖഫ് നിയമന കാര്യത്തില്‍ പള്ളികളില്‍ പ്രതിഷേധം വേണ്ടെന്ന് തീരുമാനമെടുത്തതിന്റെ പേരില്‍ തന്നെ ചിലര്‍ യൂദാസെന്ന് വിളിക്കുന്നുണ്ടന്നും അത് കാര്യമാക്കുന്നില്ലെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. യുഎഇയില്‍ ഒരു പൊതു പരിപാടിയിലാണ് ലീഗിന്റെ പേരെടുത്ത് പറയാതെയുള്ള പ്രതികരണം. തീരുമാനം തനിച്ച് എടുത്തതാണെന്ന് പ്രചരിപ്പിക്കാനുള്ള നീക്കം പരാജയപ്പെട്ടതായും ജിഫ്രി തങ്ങള്‍ പറഞ്ഞു. വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് പള്ളികളില്‍ പ്രതിഷേധം സംഘടിപ്പിക്കില്ലെന്നുള്ള തീരുമാനം തന്റേത് മാത്രമായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്റെ തീരുമാനമാണെന്ന പേരില്‍ തന്നെ പലരും ഒറ്റപ്പെടുത്താന്‍ ശ്രമിച്ചതായി തങ്ങള്‍ പറഞ്ഞു. ചിലര്‍ ആശയകുഴപ്പമുണ്ടാക്കാനാണ് ശ്രമിച്ചത്. താന്‍ യൂദാസാണെന്ന് പറഞ്ഞു. ഇതിന് മുമ്പ് ശംസുല്‍ ഉലമയെയും ഇത്തരത്തില്‍ അധിക്ഷേപിക്കാന്‍ ശ്രമിച്ചിരുന്നു. ജമാഅത്തുകാരും മുജാഹിദുമെല്ലാം വഖഫ് വിഷയം പള്ളിയില്‍ പറയാമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ അത്തരമൊരു തീരുമാനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.