ന്യൂഡല്‍ഹി : ഇന്ത്യയ്‌ക്കെതിരെ ജിഹാദ് പ്രചരിപ്പിച്ച മതഭീകരനെ പിടികൂടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). സമൂഹമാദ്ധ്യമങ്ങളിലൂടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്ത അലി അസ്ഗര്‍ എന്ന അബ്ദുള്ള ബിഹാറിയെ, ബീഹാറില്‍ നിന്നാണ് പിടികൂടിയത്. കിഴക്കന്‍ ചംപരണ്‍ പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.
നിരോധിത സംഘടനയായ ജമാത്ത് ഉല്‍ മുജാഹിദ്ദീനുമായി ബന്ധപ്പെട്ട കേസിലാണ് എന്‍ഐഎ അന്വേഷണം നടത്തുന്നത്. കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികളുമായി അടുത്ത ബന്ധമുള്ളയാളാണ് അസ്ഗര്‍. എന്‍ക്രിപ്റ്റഡ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ഭീകരരുമായി ഇവര്‍ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
നിരോധിത ഭീകര സംഘടനയുടെ പദ്ധതികളും പ്രത്യയശാസ്ത്രങ്ങളും പ്രചരിപ്പിക്കുകയും ഇന്ത്യയ്‌ക്കെതിരെ ജിഹാദി ആക്രമണം നടത്താന്‍ യുവാക്കളെ പ്രേരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് ബംഗ്ലാദേശികള്‍ ഉള്‍പ്പെടെ നാല് പേരെ മദ്ധ്യപ്രദേശിലെ ഭോപ്പാലിലെ ഐഷ്ബാഗില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് ഡിജിറ്റല്‍ ഉപകരണങ്ങള്‍, ജിഹാദി പുസ്തകങ്ങള്‍, രാജ്യവിരുദ്ധ ലഖുലേഖനങ്ങള്‍ എന്നിവയും കണ്ടെത്തിയിരുന്നു. ഈ കേസിലാണ് അന്വേഷണം നടക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ വിവിധ ഗ്രൂപ്പുകളില്‍ വിദ്വേഷ പ്രചാരണം നടത്തിക്കൊണ്ട് ജിഹാദ് പ്രചരിപ്പിക്കുന്ന മതതീവ്രവാദിയാണ് അസ്ഗര്‍ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.