ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോ (Jio) ഏഴാം വാർഷികം ആഘോഷിക്കുകയാണ്. 2016ൽ പ്രവർത്തനം ആരംഭിച്ച് വെറും ഏഴ് വർഷം കൊണ്ട് മുൻനിരയിലുണ്ടായിരുന്ന കമ്പനികളെ പിന്തള്ളി ഏറ്റവും കൂടുതൽ വരിക്കാരുള്ള ടെലിക്കോം ഓപ്പറേറ്ററായി മാറാൻ ജിയോയ്ക്ക് സാധിച്ചു. ഏഴാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ ആകർഷകമായ ഓഫറുകളാണ് ജിയോ നൽകുന്നത്. തിരഞ്ഞെടുത്ത പ്ലാനുകൾക്കൊപ്പം അധിക ഡാറ്റ നൽകുന്ന ഓഫറാണ് കമ്പനി പ്രഖ്യാപിച്ചത്.
ജിയോ വാർഷിക ഓഫറിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് 21 ജിബി വരെ ഡാറ്റയാണ് ഇത്തരത്തിൽ ലഭിക്കുന്നത്. പ്ലാനുകൾ നൽകുന്ന സാധാരണ ആനുകൂല്യങ്ങൾക്ക് പുറമേ ഡാറ്റ വൌച്ചറുകളായിട്ടാണ് അധിക ഡാറ്റ ലഭിക്കുക. കൂടുതൽ ഡാറ്റ ഉപയോഗിക്കേണ്ടി വരുന്ന അവസരത്തിൽ ഉപയോഗപ്പെടുന്ന അധിക ഡാറ്റയാണ് ഇവയെല്ലാം. 299 രൂപ പ്ലാൻ, 749 രൂപ പ്ലാൻ, 2999 രൂപ പ്ലാൻ എന്നിവയിലൂടെയാണ് അധിക ഡാറ്റ നൽകുന്നത്.
299 രൂപ വിലയുള്ള റിലയൻസ് ജിയോ പ്രീപെയ്ഡ് പ്ലാനിലൂടെ ഇപ്പോൾ ഉപയോക്താക്കൾക്ക് 7 ജിബി സൗജന്യ ഡാറ്റയാണ് അധികമായി ലഭിക്കുന്നത്. ഈ പ്ലാൻ ദിവസവും 2 ജിബി ഡാറ്റ 28 ദിവസത്തേക്ക് നൽകുന്നുണ്ട്. മൊത്തം 56 ജിബി ഡാറ്റ നൽകിയിരുന്ന പ്ലാനിലൂടെ ഇപ്പോൾ 63 ജിബി ഡാറ്റ ലഭിക്കും. ഇന്ത്യയിലെ എല്ലാ നെറ്റ് വര്‍ക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളുമായിട്ടാണ് ഈ പ്ലാൻ വരുന്നത്. ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. 749 രൂപ വിലയുള്ള ജിയോയുടെ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ 90 ദിവസത്തെ വാലിഡിറ്റിയുമായി വരുന്നു. ജിയോ വാർഷിക പ്ലാനിന്റെ ഭാഗമായി പ്ലാൻ 14 ജിബി ഡാറ്റ സൗജന്യമായി നൽകുന്നുണ്ട്.
ഇതോടെ മൊത്തം ഡാറ്റ ആനുകൂല്യം 180 ജിബിയിൽ നിന്നും 194 ജിബിയായി ഉയരുന്നു. രാജ്യത്തെ എല്ലാ നെറ്റ് വര്‍ക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭ്യമാണ്. ജിയോ നൽകുന്ന വാർഷിക പ്ലാനായ 2,999 രൂപയുടെപ്രീപെയ്ഡ് പ്ലാനിലൂടെയും സൗജന്യ ഡാറ്റ ഓഫർ ലഭ്യമാണ്. ഈ പ്ലാൻ ദിവസവും 2.5 ജിബി ഡാറ്റ വീതമാണ് നൽകുന്നത്. 365 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. പ്ലാനിനൊപ്പം വാർഷിക ഓഫറിന്റെ ഭാഗമായി 21 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് അധികമായി ലഭിക്കുന്നത്. ഈ പ്ലാൻ ദിവസവും 100 എസ്എംഎസുകളും നൽകുന്നുണ്ട്. ഇന്ത്യയിലെ എല്ലാ നെറ്റ് വര്‍ക്കിലേക്കും സൗജന്യ കോളിങ് ആനുകൂല്യങ്ങളും ജിയോയുടെ 2999 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ലഭിക്കും.
ജിയോ ഏഴാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ ഉപയോക്താക്കൾക്ക് സൗജന്യ ഡാറ്റ മാത്രമല്ല നൽകുന്നത്. മറ്റ് ചില ആനുകൂല്യങ്ങളും ജിയോ പ്ലാനുകളിലൂടെ ലഭിക്കും. 149 രൂപയ്ക്കോ അതിനു മുകളിലോ വിലയുള്ള പ്ലാനുകൾ റീചാർജ് ചെയ്യുന്ന ആളുകൾക്ക് സൗജന്യമായി മക്‌ഡൊണാൾഡ് ഫുഡ് കൂപ്പൺ ലഭിക്കും. റിലയൻസ് ഡിജിറ്റലിൽ 10 ശതമാനം കിഴിവും ഫ്ലൈറ്റുകളിൽ 1,500 രൂപ വരെ കിഴിവും, ഹോട്ടലുകളിൽ 15 ശതമാനം കിഴിവും അജിയോയിൽ 20 ശതമാനം കിഴിവും പ്ലാനുകൾക്കൊപ്പം ലഭിക്കും.