പാലക്കാട് : ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ പിടിയിലായ ഫയര്‍ഫോഴ്സ് ജീവനക്കാരന്‍ ജിഷാദിനെ കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സഞ്ജിത്ത് വധക്കേസിലും ജിഷാദിന് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. സഞ്ജിത്തിന്റെ സഞ്ചാര പാത മനസിലാക്കിയതിലും യാത്രാ വിവരങ്ങള്‍ ശേഖരിച്ചതിലും ജിഷാദിന് പങ്കുണ്ട്. ഇയാളെ സഞ്ജിത്ത് വധക്കേസിലും പ്രതിചേര്‍ക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
സഞ്ജിത്ത് വീട്ടില്‍ നിന്ന് എപ്പോള്‍ പുറത്തിറങ്ങും, എവിടെയെല്ലാം പോകുന്നു എന്നുള്ള വിവരങ്ങള്‍ ജിഷാദ് കൃത്യമായി മനസ്സിലാക്കുകയും അത് കൊലയാളികള്‍ക്ക് എത്തിച്ചു നല്‍കുകയും ചെയ്തു. സമാനമായി, ശ്രീനിവാസന്‍ കൊല്ലപ്പെട്ട ദിവസവും ജിഷാദ് ആര്‍എസ്‌എസ് നേതാക്കളുടെ വീടുകള്‍ തേടി പോയിരുന്നെന്നും കണ്ടെത്തലുകളുണ്ട്. പാലക്കാട് പുതുനഗരം ഭാഗത്തെ ആര്‍എസ്‌എസ് നേതാക്കളെയാണ് ജിഷാദ് തേടിപ്പോയത്.
കോങ്ങാട് ഫയര്‍ സ്റ്റേഷനിലെ ജീവനക്കാരനാണ് ജിഷാദ്. കൊടുവായൂര്‍ സ്വദേശിയാണ്. 2017 ലാണ് ഇയാള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലിക്ക് കയറിയത്. പാലക്കാട് രാഷ്ട്രീയ പ്രതികാര കൊലപാതകങ്ങള്‍ക്ക് വേണ്ടി പട്ടിക തയ്യാറാക്കിയവരില്‍ ഒരാളാണ് ഇയാളെന്ന വിവരമാണ് പുറത്തുവരുന്നത്. ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിച്ച് കൈമാറുന്ന റിപ്പോര്‍ട്ടര്‍ എന്നാണ് ജിഷാദിനെ പോലീസ് സംഘം വിശേഷിപ്പിച്ചത്. നേരത്തെ സംസ്ഥാനത്തെ ആര്‍എസ്‌എസുകാരുടെ വിവരങ്ങള്‍ മുഴുവന്‍ ശേഖരിച്ച് പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് നല്‍കിയ പോലീസ് ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു.