ചെങ്ങന്നൂര്‍ : ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി നല്‍കാം എന്ന് വാഗ്ദാനം നല്‍കി ഒരു കോടിയോളം രൂപ തട്ടിയെടുത്ത ബിജെപി നേതാവ് സനു എന്‍ നായരെ അറസ്റ്റ് ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വലിയതട്ടിപ്പാണ് ഇതിന്റെ പിന്നില്‍ നടന്നിട്ടുള്ളത്. ബിജെപി കേന്ദ്ര സംസ്ഥാന നേതാക്കളുമായുള്ള ബന്ധം ഉപയോഗിച്ചാണ് തട്ടിപ്പിനിരയായവരെ കബളിപ്പിച്ചിട്ടുള്ളതെന്നും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.
വിശദമായ അന്വേഷണം നടത്തിയാലെ ഉന്നത ബിജെപി നേതാക്കള്‍ക്ക് ഇതിലുള്ള ബന്ധം വ്യക്തമാകൂ. ബി ജെ പി നേതാക്കള്‍ നടത്തുന്ന കുഴല്‍പ്പണ ഇടപാടുകളും ഹവാല ഇടപാടുകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. തൃശൂരില്‍ കോടിക്കണക്കിനു രൂപയുടെ കുഴല്‍പ്പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസിലും അന്വേഷണം ചെങ്ങന്നൂരിലെ ബി ജെ പി നേതാക്കന്‍മാരിലേക്ക് എത്തിയെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
ഇതിനോടൊപ്പം തന്നെയാണ് ഈ തൊഴില്‍ തട്ടിപ്പ് കേസും കാണേണ്ടത്. ഈ സംഭവത്തില്‍ പരാതിക്കാരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പിന്‍ തിരിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇത് ഗൗരവകരമാണ്. ഈ വിഷയത്തില്‍ കുറ്റക്കാരായ ബി ജെ പി നേതാക്കളെ അറസ്റ്റ് ചെയ്ത് കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.