ആലുവ : നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആളെ പിടികൂടി. തിരുവനന്തപുരം വിളപ്പില്‍ശാല കോനത്ത് വീട്ടില്‍ ജ്യോതിഷ് (35) നെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്. ആലപ്പുഴ പടനിലം സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. പരാതിക്കാരനായ യുവാവിനും സുഹൃത്തിനും നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ടില്‍ ഗ്രൗണ്ട് സ്റ്റാഫായി ജോലി വാഗ്ദാനം ചെയ്ത് ഇയാള്‍ പണം കൈപ്പറ്റുകയയിരുന്നു.
നിയമന ഉത്തരവ് ഉടനെ ലഭിക്കുമെന്ന് പറഞ്ഞ് പലവട്ടം കബളിപ്പിച്ചതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന് പരാതി നല്‍കുകയായിരുന്നു. വിവിധ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തുള്ള പത്ര പരസ്യം നല്‍കി സംസ്ഥാനത്തെ നിരവധി പേരില്‍ നിന്നും വലിയ രീതിയില്‍ പണം കൈപ്പറ്റി ഇത്തരത്തില്‍ കബളിപ്പിച്ചതായി സംശയിക്കുന്നു. ഇതേ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എസ്‌പി കാര്‍ത്തിക് പറഞ്ഞു. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ പി.എം. ബൈജു, സബ്ബ് ഇന്‍സ്‌പെക്ടര്‍ അനീഷ്. കെ.ദാസ്, എഎസ്‌ഐ അഭിലാഷ്, സി.പി.ഒ മാരായ റോണി അഗസ്റ്റിന്‍, ജോസഫ്, ജിസ്‌മോന്‍ എന്നിവരും ഉണ്ടായിരുന്നു.