ആലങ്ങാട് : കംബോഡിയയില്‍ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ ഏജന്റിനെതിരെ ആലങ്ങാട് പോലീസ് അന്വേഷണം തുടങ്ങി. ഏജന്റായ പത്തനംതിട്ട സ്വദേശി അരുണ്‍ കുമാറിനെതിരെ നീറിക്കോട് കണ്ടത്തില്‍പറമ്പില്‍ സിബിന്‍ ആന്റണി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതാണ് അന്വേഷണം ആരംഭിച്ചത്. ഇയാള്‍ക്ക് പുറമെ കരിങ്ങാംതുരുത്ത് സ്വദേശി ഉണ്ണികൃഷ്ണന്‍ എന്നയാള്‍ കഴിഞ്ഞ ദിവസം വരാപ്പുഴ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
പത്ത് പേരോളം വിസയ്ക്കായി പണം നല്‍കിയിട്ടുണ്ട്. വിസ തട്ടിപ്പിന് ഇരയായവരുടെ എണ്ണം ആലങ്ങാട് മേഖലയില്‍ ഇനിയും കൂടുമെന്നാണ് വിവരം. കംബോഡിയയില്‍ ടൈപ് റൈറ്റിങ്, കസ്റ്റമര്‍ കെയര്‍ തുടങ്ങിയ ജോലികള്‍ക്ക് വിസ വാഗ്ദാനം ചെയ്താണ് യുവാക്കളില്‍നിന്ന് ഇയാള്‍ മൂന്ന് ലക്ഷം രൂപ വീതം വാങ്ങിയതെന്നാണ് പരാതിയില്‍ പറയുന്നത്. പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ കിട്ടാതെ വന്നതോടെയാണ് ഏജന്റിനെതിരെ തട്ടിപ്പിനിരയായവരില്‍ ചിലര്‍ പോലീസില്‍ പരാതി നല്‍കിയത്. ഇവരില്‍ പലരുടെയും പാസ്പോര്‍ട്ടുകളും മറ്റ് രേഖകളും ഏജന്റിന്റെ കൈവശത്തിലായതും ഇവരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.