കൊച്ചി : വൈറ്റില സംഭവങ്ങൾക്കു പിന്നാലെ നടൻ ജോജു ജോർജിന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി. കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ ജോജു പ്രതികരിച്ചതിനു പിന്നാലെതന്നെ ഇദ്ദേഹത്തിന്റെ പേജിൽ സമര അനുകൂലികളും വിരുദ്ധരും തമ്മിൽ വാക്പോരുകൾ ആരംഭിച്ചിരുന്നു. പിന്നാലെയാണ് പേജ് അപ്രത്യക്ഷമായത്.
ജോജുവിന്റെ നിലപാടിനെതിരെ രംഗത്തെത്തിയ കോൺഗ്രസ് അനുകൂലികൾ കൂട്ടമായി റിപ്പോർട്ടു ചെയ്തതാകാം പേജ് അപ്രത്യക്ഷമായതിനു പിന്നിലെന്നാണ് സാങ്കേതിക വിദഗ്ധരുടെ വിലയിരുത്തൽ. ജോജു മനഃപൂർവം പേജ് ബ്ലോക്ക് ചെയ്തതാകാനും സാധ്യതയുണ്ട്.
റോഡു തടഞ്ഞും അക്രമ അന്തരീക്ഷങ്ങൾ സൃഷ്ടിച്ചുമുള്ള ഇടതു സമര നിലപാടുകളെ എതിർത്തിരുന്നവർ ഇപ്പോൾ സമാന സമരങ്ങളുമായി വരുന്നതിനോട് കോൺഗ്രസിൽ ഒരു വിഭാഗം ഇതിനകം എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. സിപിഎം സൈബർ ഗുണ്ടായിസം നടത്തുന്നെന്നു പറയുന്നവർ ജോജുവിന്റെ പേജു പൂട്ടിച്ചതാണെങ്കിൽ അതിനോടും യോജിക്കാനാവില്ലെന്ന് ഇവർ പറയുന്നു. ഇക്കാര്യത്തിൽ പ്രതികരിക്കാൻ ജോജു തയാറായിട്ടില്ല. വൈറ്റിലയിൽ വഴി തടസ്സപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവങ്ങളിൽ ഇനി പ്രതികരിക്കാനില്ലെന്ന നിലപാടാണ് ഇന്നലെതന്നെ ജോജു സ്വീകരിച്ചിരിക്കുന്നത്.