വെല്ലൂര്‍ : ജോസ് ആലുക്കാസില്‍ നിന്ന് മോഷണം പോയ 16 കിലോ സ്വര്‍ണം കണ്ടെടുത്തു. സമീപപ്രദേശത്തെ ശ്മശാനത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത് .പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ പതിനഞ്ചിനായിരുന്നു സംഭവം. കാട്പാടി റോഡിലെ തൊട്ടപ്പാളയത്തുള്ള ഷോറൂമിലാണ് കവര്‍ച്ച നടന്നത്. ജൂവലറിയുടെ പിന്‍വശത്തെ ഭിത്തിയില്‍ ദ്വാരമുണ്ടാക്കിയാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. മുഖം മൂടി ധരിച്ചെത്തിയ സംഘം പതിനാറ് കിലോ സ്വര്‍ണവുമായി കടന്നു കളയുകയായിരുന്നു.
രാവിലെ ജീവനക്കാര്‍ എത്തി കട തുറന്നപ്പോഴാണ് കവര്‍ച്ച നടന്ന വിവരമറിഞ്ഞത്. സ്വര്‍ണം, വജ്രാഭരണങ്ങള്‍ തുടങ്ങി കോടികള്‍ വിലമതിക്കുന്ന വസ്തുക്കളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. മോഷണത്തിന് പിന്നാലെ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപികരിച്ചിരുന്നു. വെല്ലൂര്‍ ഡിഐജി എജി ബാബുവിന്റെ നേതൃത്വത്തില്‍ എട്ടു പ്രത്യേക ടീമുകളാണ് കേസ് അന്വേഷിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വെല്ലൂര്‍ ആനക്കാട് സ്വദേശിയായ പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യുന്നതിനിടെ പ്രതി സ്വര്‍ണം നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള ശ്മശാനത്തില്‍ കുഴിച്ചിട്ടതായി സമ്മതിക്കുകയായിരുന്നു . പ്രതിയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.