തിരുവനന്തപുരം: ജോസ് -ജോസഫ് തര്‍ക്കത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ നിലപാട് കുരുക്കിലാക്കുന്നത് ജോസഫ് വിഭാഗത്തേക്കാളേറെ യുഡിഎഫ് നേതൃത്വത്തെ. കേരളാ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കുന്നതിനുള്ള അധികാരം ഇലക്ഷന്‍ കമ്മീഷന്റെ തീര്‍പ്പുണ്ടാകുന്നതുവരെ നിലവിലെ വിപ്പ് റോഷി അഗസ്റ്റിനാണെന്നു സ്പീക്കര്‍ വ്യക്തമാക്കി. നിയമസഭാ രേഖകളില്‍ ഈ നിയമസഭയുടെ തുടക്കം മുതല്‍ റോഷി അഗസ്റ്റിനാണ് കേരളാ കോണ്‍ഗ്രസ് വിപ്പ്.
വരുന്ന നിസമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെയുള്ള അവിശ്വാസം ചര്‍ച്ചക്കെടുക്കാനിരിക്കെ ഇത് യുഡിഎഫ് നേതൃത്വത്തെ വെട്ടിലാക്കി. ജോസ് പക്ഷത്തെ മുന്നണിക്ക് പുറത്താക്കിയതിലൂടെ യുഡിഎഫ് സ്വന്തം ശവക്കുഴി തോണ്ടി.
അവര്‍ വിട്ട് നില്‍ക്കാനോ വിശ്വാസപ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യാനോ ആവശ്യപ്പെട്ടാല്‍ ജോസഫ് വിഭാഗത്തിന് അനുസരിക്കേണ്ടിവരും. വിപ്പ് ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം എംഎല്‍എമാര്‍ക്ക് അയോഗ്യത കല്‍പ്പിക്കാന്‍ സ്പീക്കര്‍ നിര്‍ബന്ധിതനാകും. ഇതോടെ പിജെ ജോസഫ്, സിഎഫ് തോമസ്, മോന്‍സ് ജോസഫ് എന്നിവര്‍ റോഷി അഗസ്റ്റിന്‍ നല്‍കുന്ന വിപ്പ് അനുസരിക്കേണ്ടി വരും. ഇങ്ങനെ വന്നാല്‍ യുഡിഎഫിന്റെ ഭാഗമായ എംഎല്‍എമാരും ഘടകകക്ഷിയും തങ്ങളുടെ അവിശ്വാസ പ്രമേയത്തിനെതിരെ വോട്ടു ചെയ്യേണ്ടി വരുന്നത് ഭസ്മാസുരന് കിട്ടിയ വരം പോലെയായി യുഡിഎഫിന്.
മുന്നണിയിലെ ഒരു പ്രധാന ഘടകകക്ഷിക്ക് സ്വന്തം മുന്നണിയെ പിന്തുണച്ച് നിയമസഭയില്‍ വോട്ട് ചെയ്യാനാകില്ലെന്നതാണ് ഗൗരവമേറിയ വിഷയം. അതാലോചിക്കാതെയാണ് ജോസ് പക്ഷത്തെ യുഡിഎഫ് പുറത്താക്കിയത്. പാര്‍ട്ടിയുടെ നിയമപരമായ എല്ലാ കടിഞ്ഞാണും തങ്ങളുടെ പക്ഷത്താണെന്ന് പി ജെ ജോസഫ് കോണ്‍ഗ്രസ് നേതൃത്വത്തെ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
നേരത്തെ മന്ത്രിയായിരുന്നപ്പോള്‍ ജോസഫിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ടീക്കറാം മീണയാണ് സംസ്ഥാന ഇലക്ഷന്‍ കമ്മീഷണര്‍. പാലാ ഉപതെരഞ്ഞെടുപ്പില്‍ ചിഹ്നം അനുവദിക്കുന്നതില്‍ ഉള്‍പ്പെടെ ജോസഫിന്റെ നിലപാട് അംഗീകരിക്കുന്ന സമീപനമായിരുന്നു ടീക്കറാം മീണ സ്വീകരിച്ചത്. സത്യസന്ധമായി നിലപാട് സ്വീകരിക്കാന്‍ ബാധ്യസ്ഥനായ ഉദ്യോഗസ്ഥന്‍ പക്ഷപാതപരമായ നിലപാട് കൈക്കൊണ്ടാല്‍ അതിനെതിരെ സമര്‍പ്പിക്കേണ്ട പരാതിയായ ‘ക്വാ വാറണ്ടോ റിട്ട് ഹര്‍ജി’ ഫയല്‍ ചെയ്യാന്‍ ജോസ് വിഭാഗം തയ്യാറെടുത്തിരുന്നു.
മുമ്പ് കോടോത്ത് ഗോവിന്ദന്‍ നായരെ വിമതനായി മത്സരിപ്പിച്ച് കോണ്‍ഗ്രസിലെ മൂന്നിലൊന്നിലേറെ എംഎല്‍എമാര്‍ വിമതനെ പിന്തുണച്ച് വോട്ട് ചെയ്ത സംഭവങ്ങള്‍ സംസ്ഥാനത്തുണ്ട്. പക്ഷെ നിയമസഭയ്ക്കുള്ളിലെ വോട്ടെടുപ്പില്‍ അതാത് പാര്‍ട്ടികളുടെ വിപ്പിനാണ് പ്രാധാന്യം. പ്രത്യേകിച്ചും തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍. അത് ലംഘിച്ചാല്‍ ബന്ധപ്പെട്ട പാര്‍ട്ടി പരാതി നല്‍കിയാല്‍ ആ എംഎല്‍എമാരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ മുതിരും.
അവര്‍ക്ക് 6 വര്‍ഷത്തേയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല. അതേ പ്രതിസന്ധിയാണ് ഇപ്പോള്‍ കേരളാ കോണ്‍ഗ്രസില്‍ പി ജെ ജോസഫും നേരിടുന്നത്. ഇതോടെ പന്ത് ഇപ്പോഴും ജോസ് കെ മാണിയുടെ കോര്‍ട്ടില്‍ തന്നെയാണെന്നതാണ് യാഥാര്‍ത്ഥ്യം. അതിനാൽ യുഡിഎഫ് നേതൃത്വം നിലപാട് തിരുത്താന്‍ തയ്യാറായേക്കും.