കോട്ടയം: കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ട് പോയതാണെന്ന പ്രചാരണങ്ങളെ തള്ളി ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ട് പോയതല്ല, യുഡിഎഫ് തങ്ങളെ പുറത്താക്കുകയായിരുന്നുവെന്നും ജോസ് കെ മാണി. അതേസമയം യുഡിഎഫില്‍ നിന്നത് പോലെയല്ല ഇപ്പോഴത്തെ കാര്യങ്ങള്‍.
എല്‍ഡിഎഫില്‍ കാര്യങ്ങള്‍ യുഡിഎഫില്‍ ചെയ്ത് വന്നതിനേക്കാള്‍ നല്ല രീതിയില്‍ ചെയ്യാന്‍ സാധിക്കുന്നുണ്ട്. ഇടപെടലും നല്ല രീതിയിലാണെന്നും ജോസ് കെ മാണി പറഞ്ഞു. ഇക്കാലമത്രയും എല്‍ഡിഎഫിന് കടന്നുകയറാന്‍ കഴിയാതിരുന്ന യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഇടതിന് സാധിച്ചിട്ടുണ്ടെങ്കില്‍, അത് കേരള കോണ്‍ഗ്രസിന്റെ കൂടി വിജയമുണ്ടെന്നും ജോസ് വ്യക്തമാക്കി.
ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, റാന്നി പോലുള്ള മണ്ഡലങ്ങളിലും കോട്ടയം ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തുകളിലും അമ്പതോളം ഗ്രാമ പഞ്ചായത്തുകളിലും കേരളാ കോണ്‍ഗ്രസിന്റെ വരവ് ഇടതിന് നേട്ടമുണ്ടാക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് പ്രതിസന്ധി ഘട്ടത്തില്‍ എടുത്ത തീരുമാനത്തിന് ജനപിന്തുണ കിട്ടിയെന്നാണ് ഇതിലൂടെ വ്യക്തമായത്. യുഡിഎഫിനെ പിന്തുണച്ചവരില്‍ വലിയൊരു ശതമാനം വോട്ട് എല്‍ഡിഎഫില്‍ എത്തിക്കാന്‍ ഞങ്ങളുടെ തീരുമാനത്തിന് സാധിച്ചു. പഴയ കാര്യങ്ങളിലേക്ക് പോകാന്‍ താല്‍പര്യമില്ല. എന്നാലും പറയുകയാണ്, ഞങ്ങളെ യുഡിഎഫ് പുറത്താക്കിയതാണെന്നും ജോസ് പറഞ്ഞു.
എല്‍ഡിഎഫില്‍ പല കാര്യങ്ങളും കൃത്യമായി നടക്കും. എല്‍ഡിഎഫിലെത്തിയ ശേഷം പല കാര്യങ്ങളും ഇടപെട്ട് തീരുമാനങ്ങളുണ്ടായി. റബ്ബറിന്റെ താങ്ങുവില 170 രൂപയായി. നെല്ല്, നാളികേരം, എന്നിവയുടെ സംഭരണവില കൂട്ടി. അങ്ങനെ നിരവധി കാര്യങ്ങളുണ്ട്. ഇതെല്ലാം കേരള കോണ്‍ഗ്രസ് വന്ന ശേഷം എല്‍ഡിഎഫില്‍ ചെയ്ത കാര്യങ്ങളാണ്. ഇനിയും ഇതേ പോലുള്ള ഇടപെടലുണ്ടാവും. പാലായില്‍ രാഷ്ട്രീയ പോരാട്ടമാണ് നടന്നത്. എല്‍ഡിഎഫിന്റെ ഭാഗമായതില്‍ പകയുണ്ടായിരുന്നു. പാലായില്‍ ഞങ്ങളെ തോല്‍പ്പിക്കാന്‍ ബിജെപിയുമായി അവര്‍ കൂട്ടുണ്ടാക്കി. ബിജെപിക്ക് ഇത്തവണ 10400 വോട്ടാണ് ആകെ കിട്ടിയത്. 26000 വോട്ട് വരെ അവര്‍ക്ക് കിട്ടിയ ഇടത്താണ് ഈ സഖ്യം. തന്നെ തോല്‍പ്പിക്കാനായിരുന്നു ഈ സഖ്യം. അതുകൊണ്ട് തളരില്ലെന്നും ജോസ് പറഞ്ഞു.
അതേസമയം മാണി സി കാപ്പനുമായി തനിക്ക് ഒരു പ്രശ്‌നവുമില്ല. ഞങ്ങള്‍ നേരത്തെയും സുഹൃത്തുക്കളാണ്. വ്യക്തിപരമായ ബന്ധങ്ങള്‍ക്കൊന്നും ഒരു പ്രശ്‌നവും സംഭവിച്ചിട്ടില്ല. ചില കോണ്‍ഗ്രസ് നേതാക്കള്‍ കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. അതില്‍ എല്ലാ നേതാക്കളുമുണ്ടെന്ന് പറയുന്നില്ല. പാലാ ഉപതെരഞ്ഞെടുപ്പ് സമയത്ത് ചിഹ്നം പോലും അനുവദിക്കാതെ പിജെ ജോസഫ് വാശിപിടിച്ചപ്പോള്‍ യുഡിഎഫ് നേതാക്കളൊന്നും ഇടപെട്ടില്ല. ജോസഫിനെ അവര്‍ നിശബ്ദമായി പിന്തുണയ്ക്കുകയായിരുന്നു. യുഡിഎഫ് വിട്ട് നിലവില്‍ പലരും പല ജില്ലകളില്‍ നിന്ന് കേരള കോണ്‍ഗ്രസിലേക്ക് വരുന്നുണ്ടെന്നും ജോസ് വ്യക്തമാക്കി.