കോട്ടയം : കോണ്‍ഗ്രസ് പഴയതു മറന്നുവെന്നും പുറത്താക്കിയത് ഐക്യ ജനാധിപത്യ മുന്നണിയെ കെട്ടിപ്പടുത്ത കെ എം മാണിയെ ആണെന്നും ജോസ് കെ മാണി. കെ.എം മാണിയുടെ രാഷ്ട്രീയത്തെയാണ് യു.ഡി.എഫ് തള്ളിപ്പറഞ്ഞത്. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനം എന്ന നിസാര കാര്യത്തിന്റെ പുറത്താണ് കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കിയത്. ഇതൊരു നീതിയുടെ പ്രശ്നമാണ്. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ യാതൊരു ധാരണയുമുണ്ടായിരുന്നില്ല. ഇല്ലാത്ത ധാരണയുടെ പേരിലുളള തീരുമാനം രാഷ്ട്രീയ അനീതിയാണെന്നും ജോസ് കെ മാണി ആരോപിച്ചു.
മുന്നണിയില്‍ ധാര്‍മ്മികതയും നീതിയും നടപ്പായില്ല. ഒരായിരം തവണ പി.ജെ ജോസഫിനെ മുന്നണിയില്‍ നിന്ന് പുറത്താക്കേണ്ടതായിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ നിരന്തരം പ്രസ്താവന നടത്തിയ ആളാണ് പി.ജെ ജോസഫ്. ധാരണയും കരാറും എല്ലാവര്‍ക്കും ഒരു പോലെയാകണം. അടിച്ചേല്‍പ്പിക്കുന്നതല്ല ധാരണ. ഇല്ലാത്ത ധാരണയുണ്ടെന്ന് പറഞ്ഞെടുത്ത നടപടിയാണിതെന്നും ജോസ് കെ മാണി ആരോപിച്ചു.