തിരുവനന്തപുരം: കേരള കോൺഗ്രസ് എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് മടങ്ങണം എന്ന് കോൺഗ്രസ് മുഖപത്രം. ജോസ് കെ മാണി സിപിഎം അരക്കില്ലത്തിൽ വെന്തുരുകരുത് എന്ന് വീക്ഷണം മുഖ പ്രസംഗം പറയുന്നു. കോട്ടയം ലോക്സഭ സീറ്റിൽ ചാഴികാടന്റെ തോൽവി ഉറപ്പായിരിക്കെ മാണി ഗ്രൂപ്പിന് ലോക്സഭയിലും രാജ്യസഭയിലും അംഗത്വമില്ലാതെയാവും. ദേശീയ പാർട്ടി പദവിയും ചിഹ്നവും നിലനിർത്താനുള്ള പോരാട്ടത്തിൽ ഇരു കമ്യൂണിസ്റ്റ് പാർട്ടികൾക്കും ജോസ് കെ മാണിയുടെ മോഹങ്ങൾ നിറവേറ്റിക്കൊടുക്കാൻ സാധ്യമല്ല. കോൺഗ്രസിനേപ്പോലെ ഘടക കക്ഷികള കരുതാൻ സിപിഎം തയ്യാറാകില്ലെന്ന മുന്നറിയിപ്പും മുഖപത്രം വിശദമാക്കുന്നു. ഘടക കക്ഷിയുടെ ആവശ്യങ്ങൾ നിരാകരിക്കുകയോ അവരെ അവഗണിക്കുകയോ ചെയ്യുന്ന രീതി കോൺഗ്രസിനില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിൽ ആവശ്യപ്പെട്ട മുസ്ലിം ലീഗിന് രാജ്യസഭാ സീറ്റ് നൽകിയത് മുന്നണി മര്യാദയുടെ പേരിലാണെന്നും മുഖപത്രം പറയുന്നു .
കെഎം മാണി വത്തിക്കാൻ പോലെ കാത്ത് സൂക്ഷി്ച പാലായിൽ ജോസ് കെ മാണി തോറ്റത് കേരള കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും കഠിനമായതാണ്. നാല് പതിറ്റാണ്ടിലേറെ കാലം തിരുവിതാംകൂറിലെ കർഷകർക്ക് അവകാശബോധത്തിന്റെയും സംഘബോധത്തിന്റേയും സൂക്തങ്ങളും പ്രയോഗങ്ങളും പഠിപ്പിച്ച കെ എം മാണിയുടെ മകന് രാഷ്ട്രീയത്തിൽ കർഷക രാഷ്ട്രീയത്തിന്റെ നഴ്സറി പാഠങ്ങൾ പോലും വശമില്ലെന്നും വീക്ഷണത്തിലെ ലേഖനം കുറ്റപ്പെടുത്തുന്നു.