തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാൻ പല തവണ പറഞ്ഞിട്ടും ജോസ് കെ മാണി വിഭാഗം തയ്യാറായില്ല. ഇതേത്തുടർന്നാണ് കടുത്ത നടപടിയെടുക്കാൻ യു.ഡി.എഫ് നേതൃത്വത്തെ നിർബന്ധിതമാക്കിയതെന്നാണ് വിവരം. എന്നാല്‍ പുറത്താക്കല്‍ നടപടി പക്ഷപാതപരമാണെന്ന് ജോസ് വിഭാഗം പറയുന്നു. പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം കാലുവാരി യു.ഡി.എഫ് സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചിട്ടും യുഡിഎഫ് ജോസഫിനെതിരെ നടപടി എടുത്തിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ധാർമികമായ സഹകരണം ഉണ്ടായില്ല, പല തവണ സമവായചർച്ച നടത്തിയിട്ടും വഴങ്ങാൻ തയ്യാറായില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത്. തൽക്കാലം നോക്കുന്നില്ലെന്നും പല തവണ ചർച്ച നടത്തിയിട്ടും വഴങ്ങാതിരുന്ന ജോസ് വിഭാഗത്തെ പുറത്താക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ വ്യക്തമാക്കി. ജോസ് പക്ഷത്തെ പുറത്താക്കിയതു സംബന്ധിച്ച് വൈകിട്ട് നാലിന് നടക്കുന്ന വാർത്താസമ്മേളനത്തിൽ യു.ഡി.എഫ് ഔദ്യോഗികമായി പ്രഖ്യാപിക്കും.
ജില്ലാപഞ്ചായത്ത് പദവി തര്‍ക്കത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇന്നും ആവര്‍ത്തിച്ച് ജോസ് കെ. മാണി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യു.ഡി.എഫ് നടപടിഎടുത്തത് . യു.ഡി.എഫ് നടപടി അടുത്ത തെരഞ്ഞെടുപ്പില്‍ കാര്യമായി പ്രതിഫലിക്കും എന്നകാര്യത്തില്‍ സംശയമില്ല. മധ്യതിരുവിതാംകൂറില്‍ വ്യക്തമായ സ്വാധീനം ജോസ് വിഭാഗത്തിനുണ്ട്. വാശിയോടെ നീങ്ങിയാല്‍ ജയിക്കുന്നതിലല്ല യു.ഡി.എഫിനെ പരാജയപ്പെടുത്തുന്നതിലായിരിക്കും ജോസ് പക്ഷം ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത് കേരളത്തില്‍ എല്‍.ഡി.എഫിന് തുടര്‍ഭരണം ഉറപ്പാക്കും.