ചങ്ങനാശേരി: കേരളാ കോണ്‍ഗ്രസ് എമ്മിലെ പിളര്‍പ്പിനെത്തുടര്‍ന്ന് പിജെ ജോസഫ് പക്ഷത്ത് നിലയുറപ്പിച്ചിരുന്ന ചങ്ങനാശേരി നഗര സഭയിലെ കൗണ്‍സിലറും മണ്ഢലം സെക്രട്ടറിയും അനുയായികളും ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നു.
നഗരസഭാ കൗണ്‍സിലറായ ഡാനി തോമസും ജോസഫ് ഗ്രൂപ്പ് മണ്ഡലം സെക്രട്ടറി ഷാജി കുരിശില്‍ പറമ്പിലുമാണ് ജോസ് പക്ഷത്തേക്ക് എത്തിയത്. കോട്ടയത്തേ പാര്‍ട്ടി ഓഫീസില്‍ വെച്ച് ജോസ് കെമാണി ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, സ്റ്റീഫന്‍ ജോര്‍ജ്, ജോബ് മൈക്കിള്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
ചങ്ങനാശ്ശേരിയിലെ ജോസഫ് ഗ്രൂപ്പുകാര്‍ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ കോണ്‍ഗ്രസിന്റെ കീഴില്‍ അടിയറവ് വെച്ചു എന്നാണ് ഇവരുടെ ആരോപണം. ചങ്ങനാശ്ശേരിയില്‍ ജോസഫ് വിഭാഗം കേരളാ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് ചില കോണ്‍ഗ്രസ് നേതാക്കളാണ് എന്ന് ഇവര്‍ ആരോപിക്കുന്നു.
സിഎഫ് തോമസ് സാറിനാണ് ഞങ്ങള്‍ പിന്തുണ നല്‍കിയിരുന്നത്. സാറ് മരിച്ചതോടുകൂടി പാര്‍ട്ടി അനാഥമായി. ജോസഫ് ഗ്രൂപ്പ് പ്രാദേശിക നേതൃത്വം കോണ്‍ഗ്രസിന്റെ അടിമ ആയി മാറി എന്നും ആരോപണം ഉന്നയിക്കുന്നു. യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി നയിക്കുന്നതാണ് എന്ന് വ്യക്തമായി എന്നും ആത്മാഭിമാനത്തോടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കേരളാ കോണ്‍ഗ്രസുകാര്‍ ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്നും ഇവര്‍ പറയുന്നു.
ചങ്ങനാശ്ശേരി നിയമസഭാ സീറ്റ് യുഡിഎഫില്‍ സാജന്‍ ഫ്രാന്‍സിസിന് നല്‍കാമെന്ന് പറഞ്ഞാണ് പിജെ ജോസഫ് കൂടെ കൂട്ടിയതെന്നും എന്നാല്‍ സാജന്‍ വഞ്ചിക്കപ്പെടുമെന്നും ചങ്ങനാശ്ശേരി സീറ്റ് കോണ്‍ഗ്രസിന് നല്‍കാന്‍ രഹസ്യ ധാരണയായി എന്നും പറയുന്നു.