തിരുവല്ല: സിൽവർ ലൈൻ റെയിൽപ്പാതയുടെ അലൈൻമെന്റിലെ അപാകതകൾ അടിയന്തിരമായി പുന:പരിശോധിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം ജോസഫ് എം.പുതുശ്ശേരി ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ നിലയിലുള്ള അതിവേഗ പദ്ധതി അപ്രായോഗികവും ആദായകരവുമല്ലെന്നു കണ്ടെത്തി കഴിഞ്ഞ സർക്കാർ വേണ്ടെന്നു വെച്ചതാണ്. വിശദമായ പഠനത്തിനു ശേഷമാണു ഈ തീരുമാനം കൈക്കൊണ്ടത്. പകരം നിലവിലുള്ള പാത നവീകരിച്ച് വേഗതയുള്ള ട്രെയിൻ ഓടിക്കാനായിരുന്നു പുതിയ പദ്ധതി. ഇതിനായി മുംബെ സബർബൻ റെയിൽ കോർപറേഷനുമായി സഹകരിച്ച് പുതിയ പദ്ധതി ആവിഷ്ക്കരിക്കുകയും ചെയ്തു. മൂന്നു ഘട്ടമായി ഇതു പൂർത്തീകരിക്കാനാണു ലക്ഷ്യമിട്ടത്. ഒന്നാം ഘട്ടം തിരുവനന്തപുരം – ചെങ്ങന്നൂർ (126 K. M) സബർബെൻ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. 3000 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്. കാസർഗോഡു വരെയുള്ള പദ്ധതി പൂർത്തീകരിക്കുമ്പോൾ 14000 കോടി രൂപയാണ് മൊത്തം ചെലവു കണക്കാക്കിയത്. ആ സ്ഥാനത്താണ് 64000 കോടി ചെലവിട്ടുള്ള പുതിയ സിൽവർ ലൈൻ പാത. ഭൂമി ഏറ്റെടുക്കാനാണു ഇതിൽ നല്ലൊരു പങ്കു തുകയും. 2025-ൽ പൂർത്തീകരിക്കുമെന്നു പറയുന്ന ഈ പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കൽ തന്നെ വലിയ കീറാമുട്ടിയാകും.
മെട്രോമാൻ ഇ.ശ്രീധരൻ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പൂർത്തീകരിക്കാൻ 2035 വരെയെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നും അപ്പോഴേക്കും റെയിൽവേ തന്നെ ഇതിൽ കൂടുതൽ വേഗത ആർജ്ജിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനൊക്കെ പുറമേയാണു അശാസ്ത്രീയമായും നേരിട്ടുള്ള പരിശോധന കൂടാതെയും തയ്യാറാക്കിയിട്ടുള്ള പുതിയ അലൈൻമെന്റിലെ അപാകതകൾ. പരിസ്ഥിതി ആഘാത പഠനമോ പ്രയോഗിക പ്രശ്നങ്ങളോ ഒന്നും പരിഗണിച്ചിട്ടില്ല. തണ്ണീർത്തടങ്ങൾ നികത്തി ഉണ്ടാക്കുന്ന പുതിയ പാത വലിയ പ്രത്യാഘാതങ്ങൾക്കു വഴിവെയ്ക്കും. പ്രളയഭീഷണി കൂടെപ്പിറപ്പായ ജില്ലയിൽ ഇതു വെളളപ്പൊക്കത്തിന്റെ ഗതിവേഗം വർദ്ധിപ്പിക്കും. അമ്പലങ്ങളും പള്ളികളുമടക്കം 44 ആരാധനാലയങ്ങൾ ലൈൻ മൂലം പ്രശ്നത്തിലാകും. നൂറു കണക്കിനാളുകൾക്ക് വീടുകൾ നഷ്ടമാവും.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ആളുകളുടെ പ്രതിഷേധത്തെ തുടർന്നു അലൈൻമെന്റിൽ മാറ്റം വരുത്തി. തിരൂർ മുതൽ കാസർഗോഡു വരെ നിർദ്ദിഷ്ട സിൽവർ ലൈൻ തന്നെ നിലവിലുള്ള പാതയ്ക്കു സമാന്തരമായാണു പോകുന്നത്. അതേ പോലെ നിലവിലുള്ള പാത ഉപയോഗപ്പെടുത്തിയോ സമാന്തരമായോ അതിവേഗ പാത ക്രമീകരിക്കുകയാണു വേണ്ടതെന്നു പുതുശ്ശേരി പറഞ്ഞു.