പത്തനംതിട്ട : രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും ദിനംപ്രതി പിന്തുണ ലഭിച്ച് ശക്തിപ്പെടുന്ന കർഷക പ്രക്ഷോഭത്തിൽ ഖാലിസ്ഥാൻ വിഘടനവാദികൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ആക്ഷേപിക്കുന്ന കേന്ദ്ര മന്ത്രിമാർ അംബാനിയെയും അദാനിയെയും സംരക്ഷിക്കുകയാണെന്ന് കേരള കോൺഗ്രസ് (എം) ഉന്നതാധികാരസമിതി അംഗം ജോസഫ് എം. പുതുശ്ശേരി പറഞ്ഞു.
കാർഷിക മേഖല കോർപ്പറേറ്റുകൾക്ക് തീറെഴുതിക്കൊണ്ടാണ് കർഷകരുടെ അന്ത്യം കുറിക്കുന്ന കരിനിയമങ്ങൾ വളഞ്ഞ വഴിയിലൂടെ കേന്ദ്രസർക്കാർ ധൃതിപിടിച്ച് പാസാക്കിയത്. സമരം തീർക്കാൻ ഏഴ് ഭേദഗതി നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് നിയമത്തിലെ പിഴവുകൾ സ്വയം സമ്മതിക്കുന്ന കേന്ദ്ര സർക്കാർ നിയമം പിൻവലിക്കാൻ തയ്യാറാവാത്തത് കോർപ്പറേറ്റുകളുടെ സ്വാധീനത്തെ മറികടക്കാനാവാത്തതു കൊണ്ടാണെന്നും പുതുശ്ശേരി പറഞ്ഞു.
കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള കോൺഗ്രസ് (എം) ജോസഫ് ജില്ലാ കമ്മിറ്റി പത്തനംതിട്ട ജനറൽ പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വിക്ടർ ടി.തോമസ് അധ്യക്ഷത വഹിച്ചു. ഡി കെ ജോൺ, കുഞ്ഞു കോശി പോൾ, വർഗീസ് മാമ്മൻ, എബ്രഹാം കലമണ്ണിൽ, ബാബു വർഗീസ്, ജോർജ് വർഗീസ് കൊപ്പാറ, ദീപു ഉമ്മൻ, കെ എസ് ജോസ്, സാം മാത്യു, വി. ആർ.രാജേഷ്, ബിനു കുരുവിള, തോമസുകുട്ടി കുമ്മണ്ണൂർ, വൈ രാജൻ, സജി കൂടാരത്തിൽ, സണ്ണി ഫിലിപ്പ്, പിജി വർഗീസ്, ജോസ് തേക്കാട്ടിൽ, എന്നിവർ പ്രസംഗിച്ചു.