റാന്നി : കേരള കോണ്‍ഗ്രസ് എമ്മിലെ അസ്വസ്ഥരെ കോണ്‍ഗ്രസിലോ ജോസഫ് വിഭാഗത്തിലോ എത്തിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് അവസാനനിമിഷം ജോസഫ് വിഭാഗത്തില്‍ എത്തിയ ജോസഫ് പുതുശ്ശേരിക്ക് റാന്നി നിയോജക മണ്ഡലം മത്സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കുമെന്നു സൂചന. കേരള കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചപ്പോഴും കോണ്‍ഗ്രസ് നേതൃത്വവുമായി നല്ല ബന്ധം സ്ഥാപിച്ചിരുന്ന പുതുശ്ശേരിയെ ഒരു കാരണവശാലും നേതൃത്വം കൈവിടില്ല എന്നാണ് കോണ്‍ഗ്രസില്‍ നിന്നു തന്നെ പുറത്തു വരുന്ന വിവരങ്ങള്‍.
കോണ്‍ഗ്രസ്സിന്റെ ഈ തന്ത്രം ജോസ് ഗ്രൂപ്പില്‍ ചവിട്ടിത്താഴ്ത്തപ്പെട്ടുക്കൊണ്ടിരിക്കുന്ന
പല പ്രവര്‍ത്തകരെയും പാളയത്തിലെത്തിക്കാന്‍ സഹായകമാകും എന്നാണ് കരുതുന്നത്. തിരുവല്ല ജോസഫ് വിഭാഗത്തിന് നല്‍കിയാല്‍ മുന്‍പ് മത്സരിച്ച വിക്ടര്‍ ടി തോമസ് സീറ്റിന് അവകാശവാദം ഉന്നയിക്കുകയും അതിന്മേലുള്ള വിഴുപ്പലക്കലും കാലുവാരലും ഒഴിവാക്കാനാണ് തങ്ങളുടെ കൈവശമുള്ള റാന്നി സീറ്റ് കോണ്‍ഗ്രസ് പുതുശ്ശേരിക്ക് വിട്ടുനല്‍കുന്നത്. ജോസഫ് പുതുശ്ശേരിയുടെ പഴയ മണ്ഡലമായ കല്ലൂപ്പാറയുടെ ഭൂരിഭാഗവും തന്റെ താമസസ്ഥലവും ഉള്‍ക്കൊള്ളുന്ന മണ്ഡലം ആയതിനാല്‍ തനിക്ക് നല്ല ജയസാധ്യത വളരെ കൂടുതലാണെന്ന് പുതുശ്ശേരി കോണ്‍ഗ്രസ് നേതൃത്വത്തെയും ധരിപ്പിച്ചു.
കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം പിജെ ജോസഫിനെ അറിയിക്കുകയും ആ ഉറപ്പിന്മേലാണ് പുതുശ്ശേരി അവസാനനിമിഷം ജോസഫ് വിഭാഗത്തില്‍ എത്തിയിട്ടുള്ളത്. എന്തായാലും പത്തനംതിട്ട ജില്ലയില്‍ ജോസഫ് വിഭാഗത്തിന് ഒരു സീറ്റ് കിട്ടിയാല്‍ അത് റാന്നിയായിരിക്കും. തനിക്കു തട്ടകം ഉറപ്പിക്കാന്‍ വേണ്ടി തന്നെയാണ് വിക്ടര്‍ ടി തോമസിനെ യുഡിഎഫിന്റെ പത്തനംതിട്ട ജില്ലയുടെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പുകച്ചു ചാടിച്ചത് പുതുശ്ശേരിയുടെ തന്ത്രമായിരുന്നു.