ദുബൈ: പ്രവാസി വ്യവസായി ജോയി അറയ്ക്കലിന്റെ മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം. ജോയി ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മകന് ബര്‍ദുബൈ സ്റ്റേഷനില്‍ പരാതി നല്കി. കമ്പനിയിലെ പ്രോജക്ട് ഡയറക്ടറെ സംശയമുനയില്‍ നിര്‍ത്തിയാണ് മകന് പരാതി നല്‍കിയിരിക്കുന്നത്. ജോയ് അറയ്ക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബൈ പോലീസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പരാതി.
പ്രോജക്ട് ഡയറക്ടറായ ലബനന് സ്വദേശി റാബി കരാനിബിന്റെ കുറ്റപ്പെടുത്തലില്‍ മനംനൊന്താണ് ജോയ് ആത്മഹത്യ ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. ജോയിയുടെ ഉടമസ്ഥതയിലുള്ള ഇന്നോവ ഗ്രൂപ്പ് സ്ഥാപിക്കുന്ന പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറാണ് ഇയാള്‍. 6 വർഷം മുൻപ് തുടങ്ങിവച്ച സ്വപ്ന പദ്ധതി വൈകാൻ കാരണം ജോയിയാണെന്ന് പ്രോജക്ട് ഡയറക്ടർ ആരോപിച്ചതും ഇതെച്ചൊല്ലിയുള്ള തർക്കവുമാണു പിതാവ് ജീവനൊടുക്കാൻ കാരണമെന്നാണു മകന്റെ പരാതിയിൽ പറയുന്നത്.
ജോയിയുടെ സ്വപ്നപദ്ധതിയാണ് ഹമ്രിയ ഫ്രീസോണില്‍ സ്ഥാപിക്കുന്നത്. 220 ദശലക്ഷം ദിര്‍ഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആറുവര്‍ഷം മുമ്പ് വിഭാവനം ചെയ്ത ഈ പദ്ധതിക്കാണ് ജോയിക്ക് 2018ല്‍ മികച്ച സംരംഭകനുള്ള അവാര്‍ഡ് ലഭിച്ചത്. എന്നാല്‍ പദ്ധതി നീണ്ടുപോകുന്നത് ജോയിക്ക് മാനസിക വിഷമം ഉണ്ടാക്കിയിരുന്നു. ഒന്നാംഘട്ട ഉദ്ഘാടനം മാര്‍ച്ചില്‍ തീരുമാനിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല.
The post പിതാവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ മകന് appeared first on Pathanamthitta Media.