ന്യൂഡൽഹി : പെഗസസ് ചാര സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ ജെപിസി അന്വേഷിച്ചാല്‍ അട്ടിമറിക്കപ്പെടുമെന്ന് പാര്‍ലമെന്റ് ഐടി സമിതി ചെയര്‍മാന്‍ കൂടിയായ ശശി തരൂര്‍ എംപി. സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജി അന്വേഷിച്ചാല്‍ പ്രധാനമന്ത്രിയെ വരെ വിളിച്ചുവരുത്താന്‍ കഴിയും. നരേന്ദ്ര മോദി സര്‍ക്കാരിനു കീഴില്‍ ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും ശശി തരൂര്‍ പറഞ്ഞു.
ദേശസുരക്ഷയുടെയും ഭീകരപ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെയും ഭാഗമായി എല്ലാ സര്‍ക്കാരുകളും നിരീക്ഷണം നടത്താറുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെയും മമത ബാനര്‍ജിയുടെ അനന്തരവന്റെയും ഫോണുകള്‍ നിരീക്ഷച്ചതിന്റെ അര്‍ഥമെന്താണെന്ന് ശശി തരൂര്‍ ചോദിക്കുന്നു.
ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങള്‍ അതീവഗൗരവത്തോടെയാണ് പെഗസസ് വിഷയത്തെ സമീപിച്ചിരിക്കുന്നത്. പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം സത്യസന്ധമായി അന്വേഷിക്കപ്പെടണമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.