ന്യൂഡൽഹി : പൗരത്വ നിയമ വിരുദ്ധ സമരത്തിന്റെ പേരിൽ ഡൽഹി കലാപക്കേസിൽ പ്രതിചേർക്കപ്പെട്ട വിദ്യാർഥി നേതാക്കൾക്കു ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയില്ല. ജാമ്യം അനുവദിച്ചു ഹൈക്കോടതി നടത്തിയ വിധിന്യായം പക്ഷേ രാജ്യത്തെ മറ്റു യുഎപിഎ കേസുകളിൽ ബാധകമാകില്ലെന്നും സുപ്രീം കോടതി ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വി. രാമസുബ്രഹ്മണ്യൻ എന്നിവരുടെ അവധിക്കാല ബെഞ്ച് വ്യക്തമാക്കി.
ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഡൽഹി പോലീസിന്റെ അപ്പീലിൽ വാദം കേൾക്കാമെന്നു സമ്മതിച്ച കോടതി ജെഎൻയു വിദ്യാർഥികളായ നടാഷ നർവാൽ, ദേവാംഗന കലിത, ജാമിയ വിദ്യാർഥി ആസിഫ് ഇഖ്ബാൽ തൽഹ എന്നിവരുടെ മറുപടി തേടി. വിഷയം ജൂലൈ 19നു വീണ്ടും പരിഗണിക്കും. ഡൽഹി ഹൈക്കോടതി യുഎപിഎ നിയമത്തെ വ്യാഖ്യാനിച്ച രീതിക്കു പരിശോധന ആവശ്യമായി വരുമെന്നു സുപ്രീം കോടതി പറഞ്ഞു. രാജ്യം മുഴുവൻ പ്രാധാന്യമുള്ള ഒട്ടേറെ ചോദ്യങ്ങളാണു ഹൈക്കോടതി വിധിന്യായം ഉയർത്തിയിരിക്കുന്നത്. യുഎപിഎ നിയമത്തിന്റെ വ്യാഖ്യാനങ്ങൾ രാജ്യവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാം. 100 പേജുള്ള വിധിയിൽ മുഴുവൻ നിയമത്തിന്റെ വ്യാഖ്യാനമാണ്. ഇതു ഞങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു -കോടതി പറഞ്ഞു.