ന്യൂഡൽഹി : രാജ്യസുരക്ഷ ആയുധമാക്കി വ്യക്തിസ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറുന്ന ഭരണകൂടങ്ങൾക്കുള്ള താക്കീതായി പെഗാസസ് കേസിലെ സുപ്രീംകോടതി ഉത്തരവ്. പെഗാസസ് ചാര സോഫ്റ്റ്‌വേർ ഉപയോഗിച്ച് രഹസ്യനിരീക്ഷണം നടത്തിയതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ പാടെ തള്ളിക്കളഞ്ഞ കേന്ദ്രസർക്കാരും ബി.ജെ.പി.യും ഇതോടെ പ്രതിരോധത്തിലായി.
പാർലമെന്റിന്റെ മഴക്കാലസമ്മേളനത്തിനു മുന്നോടിയായി ചിലർ മനഃപൂർവം വാർത്ത സൃഷ്ടിക്കാൻ ശ്രമിച്ചതാണ് പെഗാസസ് വിവാദമെന്നായിരുന്നു തുടക്കം മുതൽ ബി.ജെ.പി.യുടെ വാദം. കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ നടത്തിയ പ്രസ്താവനയിലും പെഗാസസ് നിരീക്ഷണത്തിൽ സർക്കാരിനു പങ്കില്ലെന്നായിരുന്നു വാദിച്ചത്. കഴിഞ്ഞ ജൂലായ് 18 മുതലാണ് പെഗാസസ് പ്രോജക്ട് വെളിപ്പെടുത്തലുകൾ പുറത്തു വന്നുതുടങ്ങിയത്. മോദിമന്ത്രിസഭയിലെ രണ്ടു മന്ത്രിമാർ, രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ, നാല്പതോളം മാധ്യമ പ്രവർത്തകർ, പ്രതിരോധ സ്ഥാപന മേധാവികൾ തുടങ്ങിയവരുടെ ഫോണുകൾ 2017 മുതൽ ചോർത്തുകയോ നിരീക്ഷിക്കുകയോ ചെയ്തെന്നായിരുന്നു വിവിധ ഘട്ടങ്ങളായുള്ള വെളിപ്പെടുത്തൽ. സർക്കാരിന് നിരീക്ഷണത്തിൽ പങ്കില്ലെന്നു വാദിച്ച ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഫോണും ചോർത്തിയിരുന്നെന്ന് പിന്നീട് വെളിപ്പെട്ടു.
നിരീക്ഷിക്കാനോ ഫോൺ ചോർത്താനോ സർക്കാർ ശ്രമിച്ചിട്ടില്ലെന്ന് ആവർത്തിക്കുന്നതിനിടയിൽത്തന്നെ രാജ്യസുരക്ഷ എന്ന വാദമുന്നയിച്ച് ഇത്തരം നീക്കങ്ങളെ ന്യായീകരിക്കാൻ ബി.ജെ.പി യും കേന്ദ്രസർക്കാരും വ്യാപകമായി ശ്രമിച്ചു. സർക്കാർ ഒരുകാര്യത്തിലും അനധികൃതമായി പരിശോധന നടത്തിയിട്ടില്ലെന്നാണ് മുൻ കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ് പത്രസമ്മേളനം നടത്തി വാദിച്ചത്. 45 രാജ്യങ്ങളിൽ ഉപയോഗിച്ചു എന്നു പറയുന്ന സോഫ്റ്റ്‌വേറിന്റെ പേരിൽ ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നതെന്തിനാണെന്നും ഈ കഥകൾക്കുപിന്നിൽ എന്താണുള്ളതെന്നും അദ്ദേഹം അന്ന് ചോദിച്ചിരുന്നു. പെഗാസസ് വെളിപ്പെടുത്തലുകൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച സുപ്രീം കോടതി ഉത്തരവിലെ നിരീക്ഷണങ്ങൾ കേന്ദ്ര സർക്കാരിന് രാഷ്ട്രീയ തിരിച്ചടിയാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ദേശസുരക്ഷയെ മറയാക്കരുതെന്നും എല്ലാ കാര്യത്തിലും ദേശസുരക്ഷയെ വലിച്ചിഴയ്ക്കരുതെന്നും സ്വകാര്യതയിലേക്ക് കടന്നു കയറരുതെന്നുമുള്ള പരാമർശം സർക്കാരിനു ക്ഷീണമാണ്. ഉത്തർപ്രദേശിലേത് ഉൾപ്പെടെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളും പാർലമെന്റിന്റെ ശീതകാല സമ്മേളനവും മുന്നിൽ നിൽക്കെ കോടതിയുടെ നിരീക്ഷണങ്ങൾ പ്രതിപക്ഷത്തിന് ഊർജമാകും.