തിരുവനന്തപുരം : കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ അന്വേഷണം നടത്താൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ഉത്തരവ് ഇറക്കാനാണ് തീരുമാനം.
മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നയ്ക്ക് മേൽ ഇ.ഡി സമ്മർദം ചെലുത്തിയെന്ന ആരോപണം അന്വേഷിക്കും. സ്വപ്‌നയുടെ ശബ്ദരേഖയും ഗൂഢാലോചനയും അന്വേഷണ പരിധിയിൽ വരും. ജസ്റ്റിസ് വി. കെ മോഹനനായിരിക്കും അന്വേഷണ കമ്മീഷൻ.
സ്വർണക്കടത്ത് കേസ് അന്വേഷണം വഴി തിരിച്ചു വിടാൻ ഇ.ഡി ശ്രമിച്ചുവെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്നയെ നിർബന്ധിച്ചുവെന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി പുറത്തുവന്നതിന് പിന്നാലെ ഇ.ഡിക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.