ന്യൂഡല്‍ഹി : കോണ്‍ഗ്രസില്‍ സമഗ്രമായ മാറ്റത്തിന് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ച് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. ഈ മാസം രാജസ്ഥാനില്‍ നടക്കുന്ന ചിന്തന്‍ ശിബിരിന്റെ ഭാഗമായി ഡല്‍ഹിയില്‍ ചേരുന്ന ഉപസമിതിയിലാണ് ചെന്നിത്തല തന്റെ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചത്. പാര്‍ട്ടിയില്‍ ജംബോ കമ്മിറ്റികളെ ഒഴിവാക്കണമെന്നാണ് ചെന്നിത്തലയുടെ പ്രധാന നിര്‍ദ്ദേശം. ഓരോ തലത്തിലും എത്ര ഭാരവാഹികള്‍ വേണമെന്ന് ഭരണഘടനയില്‍ നിശ്ചയിക്കണം. ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കാനുള്ള അധികാരം പിസിസികള്‍ക്ക് നല്‍കണം. പിസിസി അംഗങ്ങളുടെ എണ്ണം ചെറിയ സംസ്ഥാനങ്ങളില്‍ അന്‍പതും വലിയ സംസ്ഥാനങ്ങളില്‍ പരമാവധി നൂറും എന്ന് നിജപ്പെടുത്തണം. ഓരോ തലത്തിലും എത്ര ഭാരവാഹികള്‍ വേണമെന്ന് ഭരണഘടനയില്‍ നിശ്ചയിക്കണം. എഐസിസി സെക്രട്ടറിമാരുടെ എണ്ണം 30 ആയി ചുരുക്കണമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി ഭാരത യാത്ര നടത്തണമെന്നും ചെന്നിത്തല ചര്‍ച്ചകളില്‍ ആവശ്യപ്പെട്ടു.
സംഘടനാ പ്രശ്നങ്ങള്‍ സംബന്ധിച്ച മുകുള്‍ വാസ്നിക് നേതൃത്വം നല്‍കുന്ന ഉപസമിതി അംഗമാണ് രമേശ് ചെന്നിത്തല. പാര്‍ട്ടി പ്രവര്‍ത്തന ഫണ്ട് കണ്ടെത്താന്‍ എല്ലാ വര്‍ഷവും ഒരു മാസം നീണ്ടു നില്‍ക്കുന്ന ഫണ്ട് ശേഖരണ കാമ്പയിന്‍ നടത്തണമെന്നും ചെന്നിത്തല നിര്‍ദ്ദേശമായി മുന്നോട്ട് വെച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് ചിന്തന്‍ശിബിര്‍ ചേരുന്നത്. മെയ് പതിമൂന്ന് മുതല്‍ പതിനഞ്ച് വരെ നടക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസിനെ സംഘടനപരമായി ശക്തിപ്പെടുത്തുന്ന ആലോചനകള്‍ക്കൊപ്പം രാജ്യത്തെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വിഷയങ്ങളിലും വിശദമായ ചര്‍ച്ച നടക്കും. ജി 23 നേതാക്കാളായ ഗുലാംനബി ആസാദ്, ശശിതരൂര്‍, ആനന്ദ് ശര്‍മ ഉള്‍പ്പെടെയുള്ളവരും വിവിധ സമിതിയില്‍ ഉണ്ട്.
തരൂര്‍ രാഷ്ട്രീയ കാര്യ സമിതിയിലും രമേശ് ചെന്നിത്തല സംഘടന കാര്യ സമിതിയിലും അംഗങ്ങളാണ്. ആന്റോ ആന്റണി , റോജിഎംജോണ്‍ എന്നിവര്‍ കൂടി ഉള്‍പ്പെട്ടെ സമിതിക്കാണ് സാമൂഹ്യ നീതി, യുവ ശാക്തികരണ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്കുള്ള ചുമതല. 9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് ചിന്തന്‍ ശിബിര്‍ ചേരുന്നത്. ആകെ ആറ് സമിതികളെയാണ് ചിന്തിന്‍ ശിബിറിന്റെ അജന്‍ഡകള്‍ നിശ്ചയിക്കാനും മറ്റുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ചുമതലപ്പെടുത്തിയിരിക്കുന്നത്.