ന്യൂഡൽഹി : കേരളത്തിലെ കോൺഗ്രസിൽ ഇനി ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെയ്പ്പുകൾ പാടില്ലെന്നും ജംബോ സമിതികൾ വേണ്ടെന്നും സംസ്ഥാന നേതൃത്വത്തിനു പാർട്ടി ഹൈക്കമാൻഡിന്റെ കർശന നിർദേശം. പ്രതിപക്ഷ നേതാവായി വി.ഡി.സതീശനെയും കെപിസിസി പ്രസിഡന്റായി കെ.സുധാകരനെയും നിയമിച്ചത് ഗ്രൂപ്പുകൾക്ക് അതീതമായ തീരുമാനമാണെന്നും ഭാവിയിലും അതേ മാതൃക പിന്തുടരുമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
യുഡിഎഫ് കൺവീനർ നിയമനം, കെപിസിസി, ഡിസിസി പുനഃസംഘടന എന്നിവ ഗ്രൂപ്പ് പ്രാതിനിധ്യം നോക്കിയാവരുതെന്നും സംസ്ഥാന നേതൃത്വത്തോട് നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ രമേശ് ചെന്നിത്തലയുമായും നേതൃത്വം ഇക്കാര്യം ചർച്ച ചെയ്തു. വരും ദിവസങ്ങളിൽ ഡൽഹിയിലെത്തുന്ന ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരുമായും പുനഃസംഘടന സംബന്ധിച്ചു ഹൈക്കമാൻഡ് ചർച്ച നടത്തും. കെപിസിസിയിൽ ജംബോ സമിതി ഇക്കുറി അനുവദിക്കില്ലെന്ന കർശന നിലപാടിലാണു ഹൈക്കമാൻഡ്. ഗ്രൂപ്പ് വീതംവെയ്പ് ഒഴിവാക്കുമ്പോൾ തന്നെ സമിതിയംഗങ്ങളുടെ എണ്ണം കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷ.
കേരളത്തിൽ നിന്നുള്ള എംപിയായ രാഹുൽ ഗാന്ധിക്ക് സംസ്ഥാനത്തെ ഗ്രൂപ്പ് അതിപ്രസരത്തിലുള്ള കടുത്ത അതൃപ്തിയാണ് കർശന നടപടിയിലേക്കു നീങ്ങാൻ ഹൈക്കമാൻഡിനെ പ്രേരിപ്പിച്ചത്. താൻ വ്യാപക പ്രചാരണം നടത്തിയിട്ടും സംസ്ഥാനത്ത് കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടതിൽ രാഹുൽ അസ്വസ്ഥനാണ്. വീഴ്ചകൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലെ കോൺഗ്രസ് ഇതുവരെ ശീലിച്ച രീതികൾ മാറ്റിയെഴുതാൻ രാഹുൽ രംഗത്തിറങ്ങിയത്. കേരളത്തിലെ കാര്യങ്ങളിലുള്ള അന്തിമ തീരുമാനം പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി രാഹുലിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്.
പ്രമുഖ നേതാക്കൾക്കു പിന്നിൽ അനുയായികൾ അണിനിരക്കുക സ്വാഭാവികമാണെങ്കിലും എല്ലാം നിയന്ത്രിക്കുന്ന ഗ്രൂപ്പുകളായി അതു മാറാൻ ഇനി അനുവദിക്കില്ലെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഗ്രൂപ്പ് വീതംവെയ്പ്പിന്റെ ഭാഗമായി അനർഹർക്ക് പദവികൾ ലഭിക്കുന്നതും അംഗീകരിക്കില്ല. ഗ്രൂപ്പ് പിൻബലത്തിൽ ഡൽഹിയിലെത്തി വിലപേശൽ നടത്തുന്നവരെയും ഹൈക്കമാൻഡ് പടിക്കു പുറത്തു നിർത്തും. സംഘടനാതലത്തിൽ രാജ്യത്തുടനീളം പാർട്ടിക്കുള്ളിൽ നടത്താൻ ലക്ഷ്യമിടുന്ന പരിഷ്കാരങ്ങൾക്കാണു കേരളത്തിൽ ഹൈക്കമാൻഡ് തുടക്കമിട്ടിരിക്കുന്നത്.
നേതാക്കളും ഗ്രൂപ്പുകളും സ്വന്തം താൽപര്യം മാത്രം നോക്കുന്നതു പാർട്ടിയെ തകർക്കുമെന്നാണു രാഹുലിന്റെ വാദം. നേതാക്കൾ തമ്മിലുള്ള പോര് വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസിനു തലവേദനയാവുകയാണ്. രാജസ്ഥാനിൽ അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും പഞ്ചാബിൽ അമരീന്ദർ സിങ്ങും നവജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള തർക്കം നീളുന്നതും കോൺഗ്രസിനെ ആശങ്കയിലാഴ്ത്തുന്നു.
അധികാര വടംവലി അവസാനിപ്പിച്ച് പാർട്ടിയുടെ വളർച്ചയ്ക്കായി നേതാക്കൾ ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ ബിജെപിയെ നേരിടാൻ കോൺഗ്രസിനാവില്ലെന്ന യാഥാർഥ്യം മനസ്സിലാക്കി നേതാവോ ഗ്രൂപ്പോ അല്ല പാർട്ടിയാണു വലുതെന്ന സന്ദേശം സംസ്ഥാനങ്ങൾക്കു കൈമാറാനുള്ള ശ്രമമാണു രാഹുൽ നടത്തുന്നത്. എംപിയെന്ന നിലയിൽ താൻ കൂടി ഭാഗമായ കേരളത്തിലെ രാഷ്ട്രീയക്കളത്തിൽ പാർട്ടിയെ കെട്ടിപ്പടുക്കാനുള്ള കടുത്ത നടപടികൾ പരീക്ഷിക്കുകയാണു രാഹുൽ.