തിരുവനന്തപുരം: ഏറെ നാളുകളായി നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവിലും സമവായം കണ്ടെത്താനാകാതെ കെപിസിസി ജംബോ പട്ടിക തയാറാക്കിയതില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പരിഹാസം രൂക്ഷമായിരുന്നു. ഇതേത്തുടര്‍ന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ പരിഗണക്കേണ്ടതില്ലെന്നു വി.ഡി. സതീശന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഫേസ്ബുക്കിലൂടെ ഇക്കാര്യം സതീശന്‍ വ്യക്തമാക്കുകയും ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- കെപിസിസി പുനസംഘടനാ ചര്‍ച്ച പുരോഗമിക്കുകയാണ്. ഒരു ജംബോ കമ്മറ്റി പാര്‍ട്ടിയെ പൊതുജനമധ്യത്തില്‍ അപഹാസ്യമാക്കുമെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ എന്നെ വര്‍ക്കിംഗ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് എ ഐ സി സി യെ അറിയിച്ചു. ഒരു നല്ല കമ്മറ്റി വന്ന് സംഘടനയെ കൂടുതല്‍ ശക്തമാക്കട്ടെ.
ഭാരവാഹികളുടെ എണ്ണം കുറയ്ക്കണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആവശ്യം തള്ളിയാണ് ജംബോ പട്ടിക ധാരണയായത്. ആറ് വര്‍ക്കിങ് പ്രസിഡന്റുമാരും 36 ജനറല്‍ സെക്രട്ടറിമാരും 70 സെക്രട്ടറിമാരും 13 വൈസ് പ്രസിഡന്റുമാരും ട്രഷററും പട്ടികയിലുണ്ട്. ഇരട്ടപ്പദവി ഇല്ലാതാക്കാനുള്ള മുല്ലപ്പള്ളിയുടെ നീക്കങ്ങള്‍ പരാജയപ്പെട്ടു. ഉമ്മന്‍ചാണ്ടിയുടെ ആവശ്യപ്രകാരം ടി സിദ്ദിഖിനെ വര്‍ക്കിങ് പ്രസിഡന്റാക്കി. കെ വി തോമസ്, കൊടിക്കുന്നില്‍ സുരേഷ്, കെ സുധാകരന്‍, വി ഡി സതീശന്‍, പി സി വിഷ്ണുനാഥ് എന്നിവരും വര്‍ക്കിങ് പ്രസിഡന്റുമാരാകും.
ശൂരനാട് രാജശേഖരന്‍, അടൂര്‍ പ്രകാശ്, വി എസ് ശിവകുമാര്‍, സി.പി. മുഹമ്മദ്, എ.പി. അനില്‍കുമാര്‍, ജോസഫ് വാഴയ്ക്കന്‍, കെ.പി. ധനപാലന്‍, തമ്പാനൂര്‍ രവി, മോഹന്‍ ശങ്കര്‍, എഴുകോണ്‍ നാരായണന്‍, ഒ അബ്ദുറഹ്മാന്‍കുട്ടി, കെ.സി. റോസക്കുട്ടി, ടി എന്‍ പ്രതാപന്‍ എന്നിവരാകും വൈസ് പ്രസിഡന്റുമാര്‍. ഭാരവാഹികളുടെ എണ്ണം കുറയ്ക്കണമെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഒഴിവാക്കണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ഗ്രൂപ്പുകള്‍ നല്‍കിയ പട്ടികയിലെ പേരുകള്‍ വെട്ടാന്‍ അദ്ദേഹം ദിവസങ്ങളോളം ഡല്‍ഹിയില്‍ തങ്ങി. തന്റെ നിലപാട് അംഗീകരിച്ചില്ലെങ്കില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. 115 പേരുള്ള പട്ടികയിലെ എണ്ണം 75 ആയി കുറയ്ക്കാന്‍ നീക്കമുണ്ടായി. എന്നാല്‍, രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അവരുടെ നിലപാടില്‍ ഉറച്ചുനിന്നതോടെ ഭാരവാഹികളുടെ എണ്ണം വീണ്ടും ഉയരുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇപ്പോള്‍ സതീശന്‍ സ്വയം പിന്‍മാറിയത്.