കേരളത്തില്‍ ഒട്ടേറെ ഓപ്ഷനുകളില്‍ ഇല്ലാത്ത ഒരു വിഭാഗമാണ് ജംഗിള്‍ സഫാരി. ഭൂപ്രകൃതിയും മറ്റ് സാഹചര്യങ്ങളും ഒക്കെ അത്രയ്ക്കും അനുയോജ്യമായ ഒരിടത്ത് മാത്രമേ ജംഗിള്‍ സഫാരി നടത്താന്‍ കഴിയൂ എന്നതും വെല്ലുവിളിയാണ്. എങ്കിലും മലയാളികളുടെ ജംഗിള്‍ സഫാരിയുടെ ഹോട്ട് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് പറമ്പിക്കുളം, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കടുവാ സംരക്ഷണ കേന്ദ്രങ്ങളില്‍ ഒന്നായ പറമ്പിക്കുളം തന്നെ. പാലക്കാട് ജില്ലയിലുള്ള 285 ചതുരശ്ര കിലോമീറ്റര്‍ സംരക്ഷിത വന പ്രദേശമാണ് പറമ്പിക്കുളം. പച്ചപ്പിന്റെ പറുദീസയായ ഇവിടം ഒരിക്കലും സഞ്ചാരികളെ നിരാശപ്പെടുത്തില്ല. അത്രയേറെ വന്യജീവികളുടെ സാന്നിധ്യത്താല്‍ അനുഗ്രഹീതമാണ് ഈ ഇടം. ഇവിടെ എത്തുന്നവരെ കാത്ത് വനംവകുപ്പിന്റെ ഉഗ്രന്‍ പാക്കേജുകളുമുണ്ട്. കോംബോ പാക്കേജിന് 9700 രൂപയാണ് ഒരാള്‍ക്ക് ചിലവ് വരിക. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.
നാലായിരം പോയിന്റില്‍ നിന്ന് ആരംഭിക്കുന്ന 4 കിലോമീറ്റര്‍ ട്രെക്കിംഗ് പാതയാണ് ബിയര്‍ പത്ത് ട്രയല്‍, ഇത് വിശാലമായ തേക്ക് തോട്ടങ്ങളിലൂടെയാണ് കടന്നുപോവുന്നത്. കരടിയുടെ കാലടയാളങ്ങള്‍ ഇവിടെ നിങ്ങള്‍ കണ്ടേക്കാം. ഇവിടെ ഒരു തുറന്ന് പുല്‍മേട്ടിലേക്കാണ് നിങ്ങള്‍ എത്തുക. അവിടെ ഒരു കുളവും കാണാന്‍ കഴിയും. പ്രകൃതി സ്നേഹികളെ സംബന്ധിച്ച് ഒരു കടുവയുടെ അടയാളം നേരിട്ട് കാണുക എന്നത് പോലും ഒരു സ്വപ്നം പോലെയാണ്. പെരുവാരിപ്പള്ളം എര്‍ത്ത് ഡാമില്‍ നിന്നാണ് 10 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അടുത്ത ട്രക്കിംഗ് ആരംഭിക്കുന്നത്. വഴിയില്‍ 460 വര്‍ഷം പഴക്കമുള്ള ലോകത്തിലെ ഏറ്റവും വലിയ തേക്ക് എന്ന് വിളിക്കപ്പെടുന്ന കന്നിമര തേക്കിനടത്തും എത്തിച്ചേരും. തേക്ക് തോട്ടങ്ങളിലൂടെയുള്ള പാത തുണക്കടവില്‍ എത്തി വീണ്ടും ആനപ്പാടിയില്‍ തിരിച്ചെത്തും. ആനപ്പാടിയില്‍ നിന്ന് ആരംഭിച്ച് പാലക്കാട്ടെ പറമ്പിക്കുളം കടുവാ സങ്കേതത്തിനുള്ളിലെ ഈര്‍പ്പമുള്ള ഇലപൊഴിയും വനത്തിലേക്ക് കയറുന്ന 6 കിലോമീറ്റര്‍ ട്രെക്കിംഗ് പാതയാണ് അടുത്ത ആകര്‍ഷണം. 4 കിലോമീറ്റര്‍ ദൂരം പിന്നിടുമ്പോള്‍ നിബിഡ വനത്തിനുള്ളിലേക്ക് വന്യജീവികളാല്‍ നിറഞ്ഞ നിത്യഹരിത വനത്തിലേക്ക് നിങ്ങള്‍ പ്രവേശിക്കുന്നു. പെരിവാരിപ്പള്ളം അണക്കെട്ടിനുള്ളിലെ സ്റ്റേ ഓവര്‍ പ്രോഗ്രാമായ പെരുവാരി ഐലന്‍ഡ് നെസ്റ്റ് ക്യാമ്പ് സന്ദര്‍ശകര്‍ക്ക് മുളങ്കാടിന് മുകളില്‍ ക്യാമ്പ് ചെയ്യാനുള്ള മികച്ച അവസരമാണ് പ്രദാനം ചെയ്യുന്നത്. ഡാമിലെ ശാന്തമായ വെള്ളത്തിലൂടെ 30 മിനിറ്റ് നീളുന്ന ചങ്ങാട യാത്ര വഴി ഈ സ്ഥലത്തേക്ക് എത്തിച്ചേരാം. ഇടതൂര്‍ന്ന വനത്തിന്റെ പശ്ചാത്തലത്തില്‍ ബാല്‍ക്കണിയില്‍ നിന്നുള്ള കാഴ്ച മനോഹരമാണ്, ഈ പാക്കേജില്‍. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.