പത്തനംതിട്ട : ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ പരീക്ഷയില്‍ ശരി ഉത്തരം എഴുതിയവര്‍ പടിക്കുപുറത്തായെന്ന് കേരള സംസ്ഥാന കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആന്റ് ഓഡിറ്റേഴ്സ് അസോസിയേഷൻ ആരോപിച്ചു. പരീക്ഷയില്‍ ഗുരുതരമായ പിഴവുകള്‍ ഉണ്ടായിട്ടുണ്ട്. അഞ്ചു ചോദ്യങ്ങള്‍ക്കാണ് പി.എസ്.സിക്ക് തെറ്റ് പറ്റിയത്. ഈ തെറ്റുകള്‍ ബോധപൂര്‍വം സൃഷ്ടിച്ചതാണോയെന്നും സംശയിക്കുന്നതായി അസോസിയേഷൻ ആരോപിച്ചു.
സഹകരണ നിയമവും വകുപ്പും അനുസരിച്ച് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ വകുപ്പ് 74 ആണെന്നിരിക്കെ 75 എന്നാണ് പി.എസ്.സിയുടെ കണ്ടെത്തൽ. സഹകരണ നിയമത്തിലെ വകുപ്പ് 68 A പ്രകാരം നിയമിക്കുന്ന ഉദ്യോഗസ്ഥൻ വിജിലൻസ് ഓഫീസർ എന്ന് നിയമത്തിൽ വ്യക്തമായിരിക്കെ ആർബിട്രേറ്റർ എന്നാണ് പി.എസ്.സി ഉത്തരം. ഓൾ ഇന്ത്യാ റൂറൽ ക്രെഡിറ്റ് റിവ്യൂ കമ്മിറ്റി നിയോഗിച്ച വർഷം 1970 എന്നാണ് പി.എസ്.സിയുടെ കണ്ടെത്തൽ. 1966 ജൂലായി 30 നാണ് പ്രസ്തുത കമ്മറ്റിയെ റിസര്‍വ് ബാങ്ക് നിയോഗിച്ചത്. ഇത്തരത്തിൽ നിയമവും ചട്ടവും അനുസരിച്ച് വ്യക്തമാക്കപ്പെട്ട ഉത്തരങ്ങൾക്കു പകരം ആരോ സ്വബോധമില്ലാത്തവര്‍ തയ്യാറാക്കിയ ഉത്തരമാണ് പി.എസ്.സി അംഗീകരിച്ചു നല്‍കിയത്. തെറ്റ് മനസ്സിലാക്കിയിട്ടും അത് തിരുത്തുവാന്‍ പി.എസ്.സി തയ്യാറാകുന്നില്ല. വ്യക്തമായി കാര്യങ്ങള്‍ പഠിച്ച് ഉത്തരമെഴുതിയ ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളിയാണ് ഇത്. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷയായ പി.എസ്.സിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണിത്.
തെറ്റായ ഉത്തര സൂചിക തിരുത്തി പ്രസിദ്ധീകരിക്കുവാൻ തയ്യാറാകണമെന്നവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും പി.എസ്.സി ചെയർമാനും നിവേദനം നൽകുമെന്നും കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് & ആഡിറ്റേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി എം. രാജേഷ് കുമാർ പറഞ്ഞു.