തിരുവനന്തപുരം : സർക്കാരിന്റെ അവസ്ഥ തുറന്നടിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സർക്കാർ ജീവനക്കാർക്ക് മുഴുവൻ ശമ്പളവും ഒന്നിച്ച് കിട്ടില്ലെന്നും ശമ്പളവിതരണം ഇന്ന് തുടങ്ങിയാലും പ്രതിസന്ധി തീരില്ലെന്നും അദ്ദേഹം പറഞ്ഞു. പിൻവലിക്കാവുന്ന ശമ്പള തുകയ്‌ക്ക് പരിധി കൊണ്ടുവരും. ഒറ്റതവണ പരമാവധി പിൻവലിക്കാവുന്ന തുക 50,000 ആക്കിയെന്നും മന്ത്രി വ്യക്തമാക്കി.
ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്നും പ്രതിസന്ധി രണ്ട് ദിവസത്തിനകം പരിഹരിക്കുമെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു. ആശങ്കയ്‌ക്ക് അടിസ്ഥാനമില്ല. ശമ്പളവും പെൻഷനും മുടങ്ങില്ല. സാങ്കേതിക പ്രശ്‌നമാണ് നിലവിലുള്ളതെന്ന് മന്ത്രി പറഞ്ഞു. പ്രതിസന്ധിയുടെ കാരണം കേന്ദ്രസർക്കാരാണെന്ന സ്ഥിരം പല്ലവിയും ധനമന്ത്രി പറയാൻ മറന്നില്ല. കേരളത്തിന് ലഭിക്കേണ്ട തുക കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇനിയും 13,608 കോടി രൂപയാണ് ലഭിക്കാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.