കോഴിക്കോട് : വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമിലെ അന്തേവാസിയായ ആറു വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ക്ക് പങ്കെന്ന് പോലീസ്. പുതപ്പിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും അജിനെ താഴേക്ക് തള്ളയിട്ട് തല നിലത്തടിക്കുകുയമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
അജിന്റെ മുറിയില്‍ ഒപ്പമുണ്ടായിരുന്ന ഏഴു പേരെ വീണ്ടും ചോദ്യം ചെയ്യും. തലയോട്ടിക്കേറ്റ ക്ഷതമാണ് അജിന്റെ മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ കോഴിക്കോട് മെഡിക്കല്‍കോളജിലെ ഫോറന്‍സിക് വിദഗ്ധരുടെ കണ്ടെത്തല്‍. മുറിയില്‍ ഒപ്പമുണ്ടായിരുന്ന നാലുപേര്‍ ചേര്‍ന്നാണ് അന്തേവാസിയായ അജിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. അതേസമയം നാലുപേരും കുറ്റം സമ്മതിച്ചിട്ടില്ല. അജിന് താമസിച്ചിരുന്ന മുറിയില്‍ ഏഴുപേരായിരുന്നുള്ളത്. പുതപ്പിന് വേണ്ടിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. ആര്‍ഡിഒയുടെ സാന്നിധ്യത്തിലാണ് പിന്നീട് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
ശനിയാഴ്ച രാവിലെ ആറരക്ക് ജുവനൈല്‍ ഹോമിലെ കുട്ടികളെ വിളിച്ചുണര്‍ത്തുന്ന സമയത്ത് അജിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ജീവനക്കാര്‍ പോലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഓട്ടിസം ബാധിച്ച കുഞ്ഞ് ഒന്നര വര്‍ഷമായി വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമിലാണ് കഴിയുന്നത്. സാമൂഹ്യ നീതി ഓഫീസറും സംഭവത്തില്‍ അന്വേഷണം നടത്തി സാമൂഹ്യ നീതി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. കുട്ടിയുടെ ശരീരത്തില്‍ ആരോ ഉപദ്രവിച്ചതിന്റെതു പോലുള്ള പരിക്കുകള്‍ ആദ്യഘട്ടത്തില്‍ തന്നെ പോലീസ് കണ്ടെത്തിയിരുന്നു.