പത്തനംതിട്ട : അടുത്ത വർഷം കെ.എസ്.ഇ.ബിയുടെ കൈവശം വന്നുചേരാനുള്ള
മണിയാർ ജലവൈദ്യുത പദ്ധതി സ്വകാര്യ മേഖലയിൽ നിലനിര്‍ത്താൻ രഹസ്യനീക്കമെന്ന് ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ കേരളത്തിലെ ആദ്യ സ്വകാര്യ ജല വൈദ്യുതി പദ്ധതി എന്ന നിലയിൽ കാർബോറാണ്ടം മുരുഗപ്പ ഗ്രൂപ്പാണ് ബി ഒ റ്റി, ബിൽഡ്-ഓൺ-ഓപറേറ്റ്-ട്രാൻസ്ഫർ(നിർമിക്കുക – ഉപയോഗിക്കുക – കൈമാറുക )വ്യവസ്ഥ പ്രകാരം ഇതു നിർമ്മിച്ചത്. കരാർ അനുസരിച്ച് 2025ൽ പദ്ധതി കെ.എസ്.ഇ.ബിക്ക് വിട്ടുകൊടുക്കണം. എന്നാൽ കാലാവധി നീട്ടണമെന്ന കാർബോറാണ്ടത്തിന്റെ ആവശ്യം അംഗീകരിച്ചുകൊടുക്കാനാണ് കെ.എസ്.ഇ.ബിക്ക് താത്പര്യമെന്ന് ജ്യോതിഷ് കുമാർ ആരോപിച്ചു.
1990ൽ സർക്കാർ നയത്തിൽ മാറ്റം വരുത്തിയത് പ്രകാരമാണ് നദീജലം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള അനുമതി നിശ്ചിത വ്യവസ്ഥകളോടെ സ്വകാര്യസ്ഥാപനത്തിന് നൽകിയത്. 22കോടിരൂപ ചെലവഴിച്ചാണ് മണിയാറിലെ ജലം ഉപയോഗിച്ച് മണിയാറിൽ മൂന്ന് ജനറേറ്ററുകളോടുകൂടിയ കാപ്റ്റീവ് ജലവൈദ്യുതപദ്ധതി കാർബോറാണ്ടം മുരുഗപ്പ ഗ്രൂപ്പ് സ്ഥാപിച്ചത്. കെ.എസ്.ഇ.ബി.യുടെ ട്രാൻസ്മിഷൻ ലൈനുകളിലൂടെ കൊച്ചിയിലെ കാർബോറാണ്ടം ഫാക്ടറിയിലേക്കാണ് വൈദ്യുതി കൊണ്ടുപോകുന്നത്. പ്രവർത്തനം തുടങ്ങി 30വർഷം പൂർത്തിയാവുമ്പോൾ നിലയം കെ.എസ്.ഇബിക്ക് കൈമാറണമെന്നാണ് കരാർ. 36 മെഗാ വാട്ട് സ്ഥാപിതശേഷിയുള്ള പദ്ധതിയിൽ പ്രതിദിന ഉത്പാദനം12 മെഗാവാട്ട്. ഇതിന്റെ പ്രതിദിന വരുമാനം 20 കോടിയുടേതാണ്. കരാർ കാലാവധി കഴിഞ്ഞും സ്ഥാപനം കൈവശം വെച്ച് കൊള്ളലാഭം കൊയ്യാൻ സ്വകാര്യകമ്പനിയെ അനുവദിക്കുന്നത് കെ. എസ്. ഇ. ബിയോടും ഉപഭോക്താക്കളോടും കാട്ടുന്ന കടുത്ത അനീതിയും സംസ്ഥാനത്തിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധവുമാണ്. ഈ കൈമാറ്റത്തിലൂടെ ശത കോടികളുടെ അഴിമതിയാണ് ചിലർ ലക്ഷ്യം വെയ്ക്കുന്നത്. ഇതിനെതിരെ സമര പരമ്പര ഉണ്ടാകുമെന്നും ജ്യോതിഷ് കുമാർ പറഞ്ഞു.