തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തും. വി.എസ്.എസ്.സി.യില്‍ നടക്കുന്ന ചടങ്ങിലും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപനത്തിലും അദ്ദേഹം പങ്കെടുക്കും. രാവിലെ 10.30-ന് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് പോകും. വി.എസ്.എസ്.സി.യില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. ഗഗന്‍യാനിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്ന പ്രധാനമന്ത്രി വി.എസ്.എസ്.സി.യിലെ ശാസ്ത്രജ്ഞരെയും അഭിസംബോധനചെയ്യും.
ഇന്ത്യ ബഹിരാകാശത്തേക്ക് അയക്കുന്ന സഞ്ചാരികളുടെ പേര് പ്രധാനമന്ത്രി വെളിപ്പെടുത്തുമെന്നും കരുതുന്നു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 10-ന് ആരംഭിക്കുന്ന കേരള പദയാത്രാ സമാപനച്ചടങ്ങില്‍ ഉച്ചയ്ക്ക് 12 മുതല്‍ ഒരുമണിവരെയാണ് പ്രധാനമന്ത്രി പങ്കെടുക്കുക. സമ്മേളനത്തിന്റെ ഭാഗമായി പ്രകടനമോ പ്രധാനമന്ത്രിയുടെ റോഡ് ഷോയോ ഉണ്ടാകില്ലെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് അറിയിച്ചു. ബി.ജെ.പി. പുതുതായി നിര്‍മിച്ച സംസ്ഥാന കാര്യാലയത്തിലും പ്രധാനമന്ത്രി എത്തില്ലെന്നും അറിയിച്ചിട്ടുണ്ട്.