തിരുവനന്തപുരം : പിണറായി സര്‍ക്കാറിന്റെ വിപ്ലവകരമായ വികസന പദ്ധതികളിലൊന്നായ കെ ഫോണ്‍ യാഥാര്‍ഥ്യത്തിലേക്ക്. പൂര്‍ണമായും സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുളള കേരളാ ഫൈബര്‍ ഒപ്റ്റിക്കല്‍ നെറ്റ് വര്‍ക് അഥാവ കെ ഫോണിന്റെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം അടുത്ത ആഴ്ച മുഖ്യമന്ത്രി പിണറായി നിര്‍വഹിക്കും. സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ ആയിരം സര്‍ക്കാര്‍ ഓഫീസുകള്‍ക്കാണ് സേവനം നല്‍കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ആയിരം സര്‍ക്കാര്‍ ഓഫീസുകളാക്കാകും ആദ്യഘട്ടത്തില്‍ സേവനം ലഭിക്കുക.
വരുന്ന ജൂലൈയോടെ പ്രവര്‍ത്തനം സംസ്ഥാന വ്യാപകമാക്കാനാണ് നീക്കം. ഓഫീസുകള്‍ക്കും സ്‌കൂളുകള്‍ക്കും കെ ഫോണ്‍ നേരിട്ട് ഇന്റര്‍നെറ്റ് സേവനം നല്‍കുമെങ്കിലും വീടുകള്‍ക്ക് നല്‍കില്ല. കെ ഫോണിന്റെ പ്രധാന ഫൈബര്‍ ഒപ്റ്റിക്‌സ് ശ്യംഖലയില്‍ നിന്ന് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ അടക്കമുളള പ്രദേശിയ ശ്യംഖലകള്‍ക്ക് നിശ്ചിക തുക നല്‍കി വിതരാണാവകാശം നേടാം. ഈ പ്രാദേശിക വിതരണ ശ്യംഖലകളാകും ഇന്റര്‍നെറ്റ് സേവനം വീടുകളില്‍ എത്തിക്കുക. വീടുകളില്‍ നിന്ന് എത്ര തുക ഈടാക്കണമെന്ന് ഈ പ്രാദേശിക വിതരണ ശ്യംഖലകള്‍ക്ക് തീരുമാനിക്കാം.
കെ ഫോണ്‍ പദ്ധതി നിലവില്‍ വരുന്നതോടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനാണ് തീരുമാനം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നെറ്റ് വര്‍ക് സെന്റര്‍ ഉണ്ടെങ്കിലും സാങ്കേതികമായ മുഴുവന്‍ പ്രവര്‍ത്തനവും ഏകോപിപ്പിക്കുന്നത് കൊച്ചി ഇന്‍ഫോപാര്‍ക്കിലാണ്.