ചങ്ങനാശേരി: മുന്‍ മന്ത്രിയും ചങ്ങനാശേരി നഗരസഭ മുന്‍ ചെയര്‍മാനുമായിരുന്ന വാഴപ്പള്ളി കല്ലുകളം വീട്ടില്‍ കെ.ജെ. ചാക്കോ (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം.
ചങ്ങനാശേരി എസ്.ബി. കോളേജില്‍ നിന്ന് ബി.എയും എറണാകുളം ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടി. 1964 ല്‍ ചങ്ങനാശേരി മുന്‍സിപ്പല്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. 1970 ലും 1977 ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചു. 1979 ല്‍ സി.എച്ച്. മുഹമ്മദ് കോയ മന്ത്രിസഭയില്‍ റവന്യൂ, ട്രാന്‍സ്‌പോര്‍ട്ട്, എക്‌സൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്തു. പെസഹാ വ്യാഴാഴ്ച പൊതു അവധി ദിവസമായി പ്രഖ്യാപിക്കുന്നതില്‍ പങ്ക് വഹിച്ചു.
മില്‍മ ചെയര്‍മാന്‍, പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റിയംഗം, ഇന്‍ഷുറന്‍സ് കമ്മറ്റി അംഗം, പെറ്റീഷന്‍ കമ്മറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ നിയമസഭാ കമ്മറ്റികളില്‍ പ്രവര്‍ത്തിച്ചു. 1962 മുതല്‍ തുടര്‍ച്ചയായി വാഴപ്പള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും 1984 മുതല്‍ 35 വര്‍ഷം ബാങ്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പുത്തന്‍പുരാണം എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
ഭാര്യ – ത്രേസ്യാക്കുട്ടി. മക്കള്‍: ഡെയ്‌സി (യു.എസ്.എ), ജോയി (യു.എസ്.എ), ലിസ്സി (സയന്‍റിസ്റ്റ് ബി.എ.ആര്‍.സി), ആന്‍സി. സംസ്‌ക്കാരം ബുധനാഴ്ച ചങ്ങനാശ്ശേരിയില്‍ നടക്കും.