കോഴിക്കോട് : പുറത്ത് മതേതരത്വം പറയുകയും അകത്ത് സംഘ്പരിവാറിന് വളംവെച്ച് കൊടുക്കുകയും ചെയ്യുന്ന നിലപാടാണ് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കണ്ണൂര്‍ യൂനിവേഴ്സിറ്റി സിലബസില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നും കെ. മുരളീധരന്‍ എം.പി പറഞ്ഞു. കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നെഹ്റു സെർക്കുലര്‍ അവാര്‍ഡ് വിതരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം നില്‍ക്കുകയും ചെയ്യുന്ന സമീപനമാണ് കേരളത്തില്‍ ഇടതുപക്ഷം സ്വീകരിക്കുന്നത്. ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുകയും ഭൂരിപക്ഷത്തെ പ്രീണിപ്പിക്കുകയും ചെയ്യുന്നതാണ് സി.പി.എം നിലപാട്. പൗരത്വ വിഷയത്തിലും ഇടതുപക്ഷ നിലപാട് ഇതുതന്നെയായിരുന്നു.
നാര്‍കോട്ടിക് ജിഹാദ് വിഷയത്തില്‍ സി.പി.എം നിലപാട് ഏറ്റവും വലിയ അപകടമാണ്. പാലാ ബിഷപ്പിനെ സംരക്ഷിക്കുന്നത് സംഘ്പരിവാറാണെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. നെഹ്റുവിന്റെ ചരിത്രം ഇല്ലാതാക്കിയവര്‍ മലബാര്‍ സമരനായകരെ ഒഴിവാക്കിയതില്‍ അത്ഭുതപ്പെടാനില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.