തിരുവനന്തപുരം : നേരിട്ട തിക്താനുഭവങ്ങള്‍ ഓര്‍മപ്പെടുത്തിയും കാലത്തിനൊത്ത മാറ്റത്തിലേക്ക് പാര്‍ട്ടി മാറേണ്ട ആവശ്യകത ഊന്നിപ്പറഞ്ഞും കെ.മുരളീധരന് എം.പി. ഡി.സി.സി അധ്യക്ഷനായി പാലോട് രവി ചുമലയേല്‍ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുമ്പ് താന്‍ ഉള്‍പ്പെടെ പാര്‍ട്ടി അച്ചടക്കം എല്ലാവരും ലംഘിച്ചിട്ടുണ്ട്. അതിന്റെ ശിക്ഷയും അനുഭവിക്കേണ്ടി വന്നു. തുടര്‍ച്ചയായി രണ്ടുതവണവീതം തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും തോറ്റ പാര്‍ട്ടിയ്ക്ക് ഇനി അച്ചടക്കമില്ലാതെ പോകാന്‍ കഴിയില്ല. അച്ചടക്കമില്ലായ്മ താങ്ങാനുള്ള ശക്തി ഇപ്പോള്‍ പാര്‍ട്ടിയ്ക്ക് ഇല്ല.
അതിനാലാണ് സെമി കേഡര്‍ രീതിയിലേക്ക് പാര്‍ട്ടി മാറണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ നിര്‍ദേശിക്കുന്നത്. പണ്ട് ഒത്തിരി പറഞ്ഞയാളാണ് താന്‍. അതിന്റെ പേരില്‍ പുറത്താക്കപ്പെട്ട തന്നെ ഒത്തിരി ദിവസം വെയിലത്ത് നിര്‍ത്തിയിട്ടാണ് പാര്‍ട്ടിയില്‍ തിരിച്ചെടുത്തത്. മാപ്പ് നല്കി തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലെ മരണക്കിടക്കയില്‍ നിന്ന് കെ. കരുണാകരന് കത്ത് നല്‍കിയിട്ടും അദ്ദേഹം മരിക്കുംവരെ അത് നടപ്പാക്കിയില്ല.
കരുണാകരന്റെ ഭൗതികശരീരം കെ.പി.സി.സി ആസ്ഥാനത്ത് കൊണ്ടുവന്നപ്പോള്‍ പാര്‍ട്ടി അംഗമെന്ന നിലയിലല്ല അദ്ദേഹത്തിന്റെ മകനെന്ന നിലയിലാണ് താന്‍ അവിടെ വന്നത്. ‘താന്‍ താന്‍ നിരന്തരം ചെയ്യുന്ന പാപങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടുകെന്നേവരൂ’ എന്നാണ് പറയാറുള്ളത്. പഴയതൊക്കെ പറയാന്‍ തനിക്കും നിങ്ങള്‍ക്കും ഒത്തിരിയുണ്ട്. എന്നാല്‍, പാര്‍ട്ടി അധ്യക്ഷന്മാര് ചുമതലയേല്‍ക്കുന്ന വേദി കലാപവേദിയാക്കേണ്ടതല്ലെന്ന നിര്‍ബന്ധം തനിക്കുണ്ട്. സ്വന്തം വോട്ടുകൊണ്ട് മാത്രം പാര്‍ട്ടിക്ക് ജയിക്കാനാവില്ല.
നിഷ്പക്ഷ വോട്ടര്‍മാരെയും സാഹചര്യമനുസരിച്ച് മാറിവരുന്ന വോട്ടുകളെയും ആകര്‍ഷിക്കാനാകണം. പരിഹരിക്കാനാകാത്ത ഒരു പ്രശ്നവും പാര്‍ട്ടിയില്‍ ഉണ്ടെന്ന് കരുതുന്നില്ല. തെറ്റിദ്ധാരണയുടെ പേരില്‍ പാര്‍ട്ടി വിട്ടവരെയും അകന്നുനില്‍ക്കുന്നവരെയും തിരിച്ചുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി അധ്യക്ഷനായിരുന്ന നെയ്യാറ്റിന്‍കര സനലില്‍ നിന്നാണ് ജില്ലയില്‍ പാര്‍ട്ടിയുടെ നേതൃത്വം പാലോട് രവി ഏറ്റെടുത്തത്. കൊടിക്കുന്നില്‍ സുരേഷ് എം.പി, വി.എസ്. ശിവകുമാര്‍, പന്തളം സുധാകരന്, മണ്‍വിള രാധാകൃഷ്ണന്, കരകുളം കൃഷ്ണപിള്ള, കെ. മോഹന്‍കുമാര്‍, എം.എ. വാഹിദ്, മണക്കാട് സുരേഷ്, പി.കെ. വേണുഗോപാല്‍, കെ.എസ്. ശബരീനാഥന് തുടങ്ങിയവര്‍ സംസാരിച്ചു.