തിരുവനന്തപുരം : പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത വിതുര കോളനിയില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ സന്ദര്‍ശനം നടത്തി. ഫണ്ടുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ജനപ്രതിനിധികള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ആദിവാസി ഊരുകളിലെ ജീവിത സാഹചര്യം വിലയിരുത്താന്‍ ശക്തമായ നിരീക്ഷണ സംവിധാനം ഒരുക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. വിതുര നാരകത്തിന്‍കാല ആദിവാസി കോളനിയിലെ സന്ദര്‍ശനത്തിനു ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
ആദിവാസി ഊരുകളിലെ ജീവിത സാഹചര്യം നേരില്‍ കണ്ട് വിലയിരുത്താനാണ് മന്ത്രി കെ. രാധാകൃഷ്ണന്‍ എത്തിയത്. സമീപകാലത്ത് വിതുര ആദിവാസി മേഖലകളില്‍ ഉണ്ടായ പെണ്‍കുട്ടികളുടെ ആത്മഹത്യകളും മറ്റു പരാതികളും മന്ത്രി ചോദിച്ചറിഞ്ഞു. അരുവിക്കര എം.എല്‍.എ ജി.സ്റ്റീഫന്‍, ജില്ലാ പഞ്ചായത്ത് അംഗം മിനി, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവരും മന്ത്രിക്കൊപ്പം ഊരുകളിലെത്തി.