തൃശൂര്‍ : മാറുന്ന കാലത്തിനനുസരിച്ച് വിദ്യാഭ്യാസ രംഗത്തും മാറ്റങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്ന് ദേവസ്വം പിന്നാക്ക വികസന ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍. രാജ്യത്തെ പകുതിയോളം വരുന്ന ജനതയ്ക്ക് സ്വന്തം പേര് എഴുതാന്‍ അറിയാത്ത കാലഘട്ടത്തിലാണ് കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. സാമൂഹിക, സാംസ്കാരിക, വൈജ്ഞാനിക മേഖലകളില്‍ ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ച് നൂറുവര്‍ഷം പിന്നിട്ട കയ്പമംഗലം ഗവണ്‍മെന്റ് ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ പുതിയ ഹൈടെക് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും പരിതാപകരമായിരുന്ന അവസ്ഥയില്‍ നിന്ന് കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയര്‍ത്താന്‍ അനുയോജ്യമായ ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാരിന് സാധിച്ചു. മഹാഭൂരി പക്ഷത്തിനും വിദ്യാഭ്യാസത്തിനുള്ള അവസരം നല്‍കാനും. അറിവിലൂടെ എപ്രകാരം സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കാനാകുമെന്ന് തെളിയിച്ച സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തിലെ താഴെ തട്ടിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ആധുനിക സൗകര്യത്തോടെ പഠിക്കാനുള്ള അവസരം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെപ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച രണ്ട് കോടി ചെലവഴിച്ച് മൂന്ന് നിലകളിലായാണ് ഹൈടെക് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
ഇടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.വി വല്ലഭന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.എസ് ജയ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എം അഹമ്മദ്, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജ, കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടര്‍ ലിസി ജോസഫ്, തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി മദനമോഹനന്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റമാര്‍, ജനപ്രതിനിധികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.