തിരുവനന്തപുരം: കെ റെയില്‍ കല്ലിടുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സാമൂഹിക ആഘാത പഠനത്തിന് ഇനിമുതല്‍ ജിപിഎസ് സംവിധാനം ഉപയോഗിക്കാന്‍ തീരുമാനം. കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണം. റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. കല്ലിടലുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് നിര്‍ണായക തീരുമാനം.
സില്‍വര്‍ലൈന്‍ പദ്ധതിക്കായി കെ റെയില്‍ കോര്‍പറേഷന്‍ വിവിധ സ്ഥലങ്ങളില്‍ കല്ലിടുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിര്‍ത്തി നിര്‍ണയത്തിനായി കല്ലിടുന്ന സ്ഥലങ്ങളില്‍ ഭൂമി ഉടമകളില്‍ നിന്ന് വന്‍തോതില്‍ പ്രതിഷേധവും ചെറുത്തുനില്‍പും ഉയര്‍ന്നിരുന്നു. അതിനാല്‍ ഭൂവുടമകളുടെ സമ്മതത്തോടെ മാത്രം കല്ലിടാം എന്നു കെ റെയില്‍ മാനേജിങ് ഡയറക്ടര്‍ ഈ മാസം അഞ്ചിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറി ഔദ്യോഗിക കത്തയച്ചത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കെയാണ് കെ റെയിലിന്റെ നിലപാട് മാറ്റവും റവന്യു വകുപ്പിന്റെ നിര്‍ദേശവും പുറത്തുവരുന്നത്. പദ്ധതിയുടെ അലൈന്‍മെന്റ് നേരത്തെ ലിഡാര്‍ സര്‍വേ ഉപയോഗിച്ചു നിര്‍ണയിച്ചതാണെന്നും അതിനാല്‍ ജിപിഎസ് സംവിധാനം ഉപയോഗിച്ച് അതിര്‍ത്തി നിര്‍ണയിക്കാമെന്നും ആണ് കെ റെയില്‍ റവന്യു വകുപ്പിനെ അറിയിച്ചത്.
ഉടമയുടെ അനുമതിയോടെ കെട്ടിടങ്ങള്‍, മതിലുകള്‍ എന്നിവിടങ്ങളില്‍ മാര്‍ക് ചെയ്യാമെന്ന് കേരള റെയില്‍വെ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ നിര്‍ദേശം വെച്ചെങ്കിലും ഉത്തരവില്‍ പറയുന്നത് ജിയോ ടാഗിംഗ് മാത്രമെന്നാണ്. പഠനം നടത്താന്‍ ബാക്കിയുള്ളത് 340 കിലോമീറ്റര്‍ കൂടിയാണ്. പദ്ധതിയില്‍ നിന്നും പിന്നോട്ട് പോയിട്ടില്ലെന്ന് കെ റെയില്‍ വ്യക്തമാക്കി. സര്‍വേ രീതി മാത്രമാണ് മാറുന്നതെന്ന് എം ഡി അജിത് കുമാര്‍ വിശദീകരിച്ചു.
ജിയോ ടാഗിംഗ് സംവിധാനത്തോടെയുള്ള സോഫ്റ്റ്വെയര്‍ അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അതിര്‍ത്തിനിര്‍ണയം നടത്താനും സ്ഥിരം നിര്‍മിതികള്‍ ഇതിനായി ഉപയോഗിക്കരുതെന്നും റവന്യു വകുപ്പ് നിര്‍ദേശിച്ചു. കെ റെയില്‍ കല്ലിടല്‍ നിര്‍ത്തിയതിനെ ഐതിഹാസിക സമരത്തിന്റെ വിജയമെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞത്. യുഡിഎഫും സമരസമിതിയും നടത്തിയ പ്രതിഷേധത്തിന്റെ ഒന്നാംഘട്ട വിജയമാണിത്. സര്‍കാര്‍ തെറ്റ് സമ്മതിച്ചു. പ്രതിഷേധക്കാര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
പദ്ധതിക്കായി 955.13 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഭൂമി ഏറ്റെടുക്കുന്നത്. സില്‍വര്‍ലൈനിന്റെ ആകെ ദൂരം 530 കിലോമീറ്ററാണ്. ഇതില്‍ 190 കിലോമീറ്ററിലാണ് കല്ലിടല്‍പൂര്‍ത്തിയായത്. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേയ്ക്കും തിരിച്ചും നാല് മണിക്കൂറില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.