പത്തനംതിട്ട : കോവിഡ് 19 വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി കൈകള്‍ എപ്പോഴും ശുദ്ധമാക്കിവയ്‌ക്കേണ്ടത് ആവശ്യമാണ്. എങ്ങനെ കൈകള്‍ കഴുകി ശുദ്ധമാക്കിവയ്ക്കാമെന്നും വൈറസ് ബാധയെ ചെറുക്കാമെന്നും മന്ത്രി കെ.രാജുവിനും ജില്ലയിലെ എംപി, എംഎല്‍എമാര്‍ മുതല്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ വരെയുള്ള ജനപ്രതിനിധികള്‍ക്ക് ആലപ്പുഴ മെഡിക്കല്‍ കോളജിലെ വൈസ് പ്രിന്‍സിപ്പല്‍ ഡോ.സൈറുവിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയത്.
പ്രമാടം രാജീവ്ഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന പ്രത്യേക യോഗത്തിലാണ് അഞ്ചു മിനിട്ട് നീണ്ടുനിന്ന വളരെ പ്രയോജനകരമായ പരിശീലനം നടന്നത്. വളരെ താല്‍പര്യത്തോടെയാണ് മന്ത്രി കെ.രാജുവും ആന്റോ ആന്റണി എംപിയും എം.എല്‍.എമാരായ മാത്യു ടി തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, കെ.യു ജനീഷ്‌കുമാര്‍ മുതല്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ വരെയുള്ള ജനപ്രതിനിധികള്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടത്.
ആറു സ്‌റ്റെപ്പുകളായി ചെയ്യേണ്ട കൈകഴുകലിന് സോപ്പും വെള്ളവും ഉപയോഗിച്ചാണെങ്കില്‍ ഒരു മിനിട്ടും ഹാന്‍ഡ് സാനിറ്റൈസറാണെങ്കില്‍ 30 സെക്കന്റ് സമയവുമാണ് എടുക്കുക. വാച്ചും മോതിരവും ഊരിമാറ്റിയ ശേഷം ആദ്യമായി രണ്ടുകൈകളും 10 സെക്കന്റ് സമയം ഉരച്ചുകഴുകണം. രണ്ടാമത്തെ സ്‌റ്റെപ്പ് കൈയുടെ പുറകുവശം കഴുകണം. ഇരുകൈകളുടേയും വിരലുകള്‍ക്കിടയിലൂടെയാകണം ഇങ്ങനെ ചെയ്യേണ്ടത്. മൂന്നാമത്തെ സ്‌റ്റെപ്പ് വിരലുകള്‍ക്ക് മാത്രമാണ്. നാലാമത്തെ സ്‌റ്റെപ്പ് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കൈകള്‍ കഴുകണം. അടുത്തത് തള്ളവിരലുകള്‍ക്ക് മാത്രമായി. ആറാമത്തെ സ്‌റ്റെപ്പ് വിരലുകളുടെ അറ്റം ഉള്ളം കൈയില്‍ വട്ടത്തില്‍ ചെയ്യാനുള്ളതാണ്. ഒരുതവണ കൈ ശുചിയാക്കണമെങ്കില്‍ 30 എം.എല്‍ ഹാന്‍ഡ് സാനിറ്റൈസര്‍ വേണം. 30 സെക്കന്റിനുള്ളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉണങ്ങിയിട്ടുണ്ടാകും.
ഇത്തരം ശീലങ്ങളിലൂടെ ആശങ്കയില്ലാതെ കോറോണയെ നമ്മുടെ നേരിടാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് ഉപയോഗിക്കേണ്ടതില്ല. മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ ഒരു മീറ്റര്‍ അകലം പാലിക്കണം. ചുമയക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിച്ചാല്‍ മതിയാകും.