ഇരിക്കൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാരിന്റെ പോരായ്മകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്ന് കെ.സുധാകരന്‍. കോവിഡ് കാലത്ത് കോണ്‍ഗ്രസിന് വലിയ പോരായ്മകള്‍ സംഭവിച്ചുവെന്നും ഇരിക്കൂറില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സ്വയം വിമര്‍ശനവുമായി കെ.സുധാകരന്‍ പറഞ്ഞു.
കോവിഡ് കാലത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്ബില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിശ്ചലരായി. എനിക്കാര്, എന്റെ മക്കള്‍ക്കാര്, എന്റെ കുടുംബത്തിനാര്, അസുഖം വന്നാല്‍ ആര് സഹായിക്കും അവരാണ് എന്റെ രാഷ്ട്രീയം എന്ന് വിശ്വസിക്കുന്ന സമൂഹത്തിന് മുന്നിലാണ് നാം ജീവിക്കുന്നത്. ഇങ്ങനെയുള്ള ഘട്ടത്തില്‍ അവരെ ശ്രദ്ധിക്കുന്നു, സംരക്ഷിക്കുന്നു എന്ന് വരുത്താനുള്ള പ്രവര്‍ത്തന ശൈലികൂടി അനിവാര്യമാണ്. അതുകൊണ്ട് തന്നെ ജനങ്ങളിലേക്ക് ഇറങ്ങണമെന്നും സുധാകരന്‍ പറഞ്ഞു.
‘പലതും നമുക്ക് ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുന്നില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാരിന്റെ പോരായ്മകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല. പത്രമാധ്യമങ്ങളിലൂടെ സ്വര്‍ണ്ണക്കടത്തും മറ്റും അറിയുന്നത് 40 ശതമാനത്തോളം പേര്‍ മാത്രമാണ്. ബാക്കിയുള്ളവരിലേക്ക് നമ്മള്‍ എത്തിക്കണം. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് കാരണം നമുക്കതിന് സാധിച്ചില്ല. എന്നാല്‍ സിപിഎം തന്ത്രപരമായി ഇതിന് പരിഹാരം കണ്ടെത്തി.
കോവിഡ് ഘട്ടത്തില്‍ ഒരുപാട് വളണ്ടിയര്‍മാരെ ഉണ്ടാക്കി അവരിലൂടെ കിറ്റും മരുന്നും പെന്‍ഷനും വിതരണം ചെയ്തു. വളരെ പ്ലാന്‍ ചെയ്ത ഈ പ്രവര്‍ത്തനത്തിന് മുന്നില്‍ നമ്മള്‍ നിശ്ചലരായി. ജനങ്ങളില്‍ നിന്ന് അകന്നുപോയി. ഡിവൈഎഫ്‌ഐയുടെ കുട്ടികള്‍ക്ക് മാത്രമാണ് വളണ്ടിയര്‍ കാര്‍ഡ് നല്‍കിയത്. അവരുടെ കുട്ടികള്‍ വീടുകളില്‍ ചാടികയറി വര്‍ത്തമാനം പറഞ്ഞു’ സുധാകരന്‍ പറഞ്ഞു.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിണറായി വിജയന്‍ കല്‍തുറങ്കിലേക്ക് പോകുമെന്ന് കാര്യം ഞാന്‍ ഉറപ്പ് പറയുന്നുവെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. ഒരു സംസ്ഥാനത്തെ ഒരുമുഖ്യമന്ത്രിയും ചെയ്യാത്ത കൊള്ളക്കാരന്റെ റോളില്‍ ഭരണം നടത്തിയ ആദ്യത്തെയാളാണ് പിണറായി വിജയന്‍. ഉളപ്പില്ലായ്മയുടെ പ്രതീകമാണ് പിണറായി വിജയനെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.