തിരുവനന്തപുരം : ഗ്രൂപ്പ് നോക്കി സ്ഥാനാർഥികളെ നിശ്ചയിച്ചാൽ യു.ഡി.എഫ് അധികാരത്തിൽ വരില്ലെന്ന് കെ. സുധാകരൻ എം.പി. മുൻകാലങ്ങളിൽ ഗ്രൂപ്പ് അടിസ്ഥാനത്തിലായിരുന്നു സീറ്റുകൾ നൽകിയിരുന്നത്. ഇത്തവണ ഗ്രൂപ്പ് അടിസ്ഥാനത്തിൽ സ്ഥാനാർഥികളെ നിശ്ചയിക്കരുതെന്ന് നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിർണായകമായ തെരഞ്ഞെടുപ്പായതിനാൽ വിജയസാധ്യത നോക്കിയും കഴിവും പ്രാപ്തിയും ജനസമ്മതിയും നോക്കിയും വേണം സ്ഥാനാർഥികളെ നിശ്ചയിക്കാനെന്നും സുധാകരൻ ആവശ്യപ്പെട്ടു. കോൺഗ്രസ് പാർട്ടിയിൽ അസംതൃപ്തി സ്വാഭാവികമാണ്. നേതൃദാരിദ്ര്യമില്ലാത്ത പാർട്ടിയാണിത്. പാർട്ടിയുടെ നേതൃത്വത്തിൽ വരാൻ സാധിച്ചവരും ഇല്ലാത്തവരും പാർട്ടിയിലുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.
പാലക്കട് മുൻ ഡി.സി.സി അധ്യക്ഷൻ എ.പി ഗോപിനാഥിൽ തനിക്ക് പൂർണ വിശ്വാസമുണ്ട്. പാരമ്പര്യമുള്ള നേതാവായ ഗോപിനാഥ് കോൺഗ്രസ് വിട്ട് പോകില്ല. പാർട്ടിവിട്ട് പോകാൻ ഗോപിനാഥിനെ ജനങ്ങൾ അനുവദിക്കില്ല. ഞാനുമായി വൈകാരിക ബന്ധമുള്ള നേതാവാണ് അദ്ദേഹം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലും ഗോപിനാഥും തമ്മിൽ തർക്കമില്ല. ഗോപിനാഥിന്റെ വിഷയം അതല്ല. ഇക്കാര്യം മാധ്യമങ്ങളോട് പറയാൻ ആഗ്രഹിക്കുന്നില്ല. ഗോപിനാഥുമായി താൻ നേരിട്ട് സംസാരിക്കുമെന്നും സുധാകരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.