തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജന്‍സികളെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യുഡിഎഫ് എല്‍ഡിഎഫ് നേതാക്കള്‍ പണം വാങ്ങിയതിനാലാണ് ഇരുപക്ഷവും പുതുപ്പള്ളിയില്‍ വിവാദം ചര്‍ച്ചയാക്കാത്തത്. മിത്ത് വിവാദം പുതുപ്പള്ളിയില്‍ പ്രചാരണ വിഷയമാക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയും മകളും കരിമണല്‍ വ്യവസായിയില്‍ നിന്നും പണം വാങ്ങിയ വിഷയത്തില്‍ ചോദ്യങ്ങള്‍ നേരിടാന്‍ പോലും സിപിഎം സംസ്ഥാന സെക്രട്ടറിക്ക് സാധിക്കുന്നില്ല. കേരളത്തിലെ ഒരു അന്വേഷണ ഏജന്‍സി പോലും അവരെ വിളിച്ചു ചോദ്യം ചെയ്തില്ല. കേരളത്തിലെ റൂള്‍ ഓഫ് ലോ തകര്‍ന്നിരിക്കുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
പല വ്യവസായികളില്‍ നിന്നും സമ്മര്‍ദ്ദം ഉപയോഗിച്ചു പണം വാങ്ങുന്നത് നേരത്തെ കേട്ടിട്ടുള്ളതാണ്. വ്യവസായത്തില്‍ ബുദ്ധിമുട്ടുകള്‍ ഇല്ലാതിരിക്കാന്‍ വേണ്ടി പണം നല്‍കിയെന്ന് വ്യവസായി തന്നെ പറഞ്ഞിട്ടുള്ളതാണ്. ഇത് കൈക്കൂലിയാണ്. പുതുപ്പള്ളിയില്‍ ഇത് കോണ്‍ഗ്രസ് ചര്‍ച്ചയാക്കില്ല. കോണ്‍ഗ്രസിന്റെ നേതാക്കള്‍ പണം വാങ്ങിയെന്നു കമ്പനി തന്നെ വ്യക്തമാക്കിയതാണ്. മാസപ്പടിക്കാരുടെ സമ്മേളനമാണ് പുതുപ്പള്ളിയില്‍ നടക്കുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും കൈക്കൂലി വാങ്ങുന്ന അവസ്ഥയാണ്. ബ്രഹ്മപുരം മാലിന്യപ്രശ്‌നത്തിലും സമാന അവസ്ഥയായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.