തിരുവനന്തപുരം : മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത് സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിലാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ചട്ടലംഘനത്തിന്റെ പേരിലാണ് ചോദ്യം ചെയ്യലെന്ന് മന്ത്രി കള്ളം പറയുന്നതെന്തിനാണ്. പ്രളയത്തിനു ശേഷം സംസ്ഥാനത്തെ പല സന്നദ്ധ സംഘടനകള്‍ക്കും ശതകോടികള്‍ വിദേശഫണ്ട് എത്തിയത് ജലീല്‍ വഴിയാണെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ കെ.ടി ജലീലിന്റെ പങ്ക് എന്താണ്. ജലീല്‍ സത്യസന്ധനാണെങ്കില്‍ എന്താണ് ഇ.ഡി ചോദിച്ചതെന്ന് ജലീല്‍ തുറന്നുപറയാത്തത്. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. കള്ളന് കഞ്ഞിവയ്ക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.
വെറും ഒരു ബന്ധുനിയമത്തിന്റെ പേരില്‍ ഇ.പി ജയരാജന്റെ മന്ത്രിസ്ഥാനം കളഞ്ഞ പിണറായി വിജയന്‍ അതീവ ഗുരുതരമായ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിട്ടും ജലീലിനെ പുറത്താക്കത്തതിന്റെ കാരണം എന്താണ്. എന്ത് പ്രത്യേകതയാണ് ജയരാജനെ അപേക്ഷിച്ച് ജലീലിനുള്ളതെന്ന് മുഖ്യമന്ത്രി പറയണം.
സി.പി.എമ്മിന് അങ്ങനെ കൈകഴുകി മാറിനില്‍ക്കാനാവില്ല. കെ.ടി ജലീല്‍ എന്ന ന്യൂജന്‍ സഖാവിനെ എന്തുകൊണ്ടുകൊണ്ടാണ് മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. സി.പി.എമ്മിന്റെ നേതൃത്വവും മുഖ്യമ്രന്തിയുമാണ് മറുപടി പറയേണ്ടത്. ജയരാജനേക്കാള്‍ പതിന്മടങ്ങ് ഗൗരവമേറിയ, രാജ്യസുരക്ഷയെ ബാധിക്കുന്ന കേസില്‍ ജലീലിനെ സംരക്ഷിക്കുന്നത് ജലീലിന് പങ്കാളിത്തമുള്ള പല കേസുകളിലും മുഖ്യമന്ത്രിയ്ക്കും പങ്കുള്ളതിനാലാണ്.
പ്രളയാനന്തരം അടക്കമുള്ള പല വിദേശ ഫണ്ട് വിഷയങ്ങളിലും ജലീലിനൊപ്പം മുഖ്യമന്ത്രിയ്ക്കും പങ്കുണ്ട്. അതുകൊണ്ടാണ് തൊടാന്‍ ഭയക്കുന്നത്. സ്വപ്‌ന സുരേഷുമായും കള്ളക്കടത്ത് സംഘവുമായി ജലീല്‍ നടത്തിയ ഇടപാടുകള്‍ പോലെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ട്.
കള്ളക്കടത്തും അനധികൃത സ്വത്ത് സമ്പാദ്യവും വിദേശഫണ്ട് അനധികൃതമായി എത്തിയതുമായ ആരോപണങ്ങളാണ് ജലീല്‍ നേരിടുന്നത്. ജലീല്‍ മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായ ആളാണ്. സ്വപ്നയെ സഹായിച്ചോ, യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടോ, ഏതൊക്കെ സന്നദ്ധ സംഘടനകളുമായി ജലീലിന് ബന്ധമുള്ളത്. ലൈഫ് മിഷനില്‍ ജലീലിന്റെ ബന്ധമെന്ത്. റെഡ്ക്രസന്റുമായി ഉള്ള ഇടപാട് എന്താണ്. എത്ര കോടിയുടെ ഇടപാടാണ്?. 20 അല്ല, 200 കോടിയുടെ ഇടപാടാണ്. സ്വപ്‌നയുമായി ഫ്ലാറ്റില്‍ കണ്ടുവെന്നതാണ് ശിവശങ്കറിനെ മാറ്റിനിര്‍ത്താന്‍ മുഖ്യമന്ത്രി കാരണം പറഞ്ഞത്. ചട്ടലംഘനമെന്ന് പഞ്ഞാണ് സസ്‌പെന്റ് ചെയ്തത്. ജലീലിനെ പുറത്താക്കുന്നത് വരെ ബിജെ.പി സമരം തുടരും. മുഖ്യമന്ത്രിയുടെ രാജി എന്ന ആവശ്യത്തില്‍ നിന്നും ബി.ജെ.പി പിന്നോട്ടില്ല.
ജലീലിനെ ചോദ്യം ചെയ്തത് സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടാണ്. ചട്ടലംഘനത്തിന്റെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യേണ്ടതില്ലല്ലോ. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ മുഖ്യമന്ത്രിയ്ക്ക് പോലും സംശയമില്ല. പെരിയ കൊലക്കേസില്‍ സി.പി.എം പ്രതികളെ സംരക്ഷിക്കാന്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുന്നുണ്ടെങ്കില്‍ അതിന്റെ പണം എ.കെ.ജി സെന്ററില്‍ നിന്ന് കൊടുക്കണം. 11 കോടി രൂപയാണ് കഴിഞ്ഞ മൂന്നു വര്‍ഷം വ്യവഹാരങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത്. പൊതുഖജനാവില്‍ നിന്നുള്ള പണം സി.പി.എം പ്രതികളെ സംരക്ഷിക്കാന്‍ ചെലവാക്കാന്‍ പാടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.