കോഴിക്കോട്: എന്‍.ഡി.എയിലേക്ക് മുസ്ലിം ലീഗിനെ സ്വാഗതം ചെയ്യുന്നുവെന്ന ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ശോഭയുടെ പ്രസ്താവനയെക്കുറിച്ച് തനിക്ക് അറിയില്ല. മുസ്ലിം ലീഗുമായി സി.പി.എം ചര്‍ച്ച നടത്തുകയല്ലാതെ ഞങ്ങള്‍ ഒരു ചര്‍ച്ചയും നടത്തില്ല. ശോഭയുടെ പ്രസ്താവന കേട്ടിട്ട് മറുപടി നല്‍കാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് എന്‍.ഡി.എയിലേക്ക് മുസ്ലിം ലീഗ് വന്നാലും സ്വീകരിക്കുമെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍ പറഞ്ഞത്. മുസ്ലിം ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ മുസ്ലിം ലീഗ് ദേശീയധാര അംഗീകരിച്ച് എന്‍.ഡി.എയോടൊപ്പം വരാന്‍ തയാറായാല്‍ സ്വീകരിക്കും.
ലീഗ് പുനര്‍ചിന്തനത്തിന് തയ്യാറായാല്‍ അത് മുസ്ലിം സമൂഹത്തിനും ലീഗ് നേതൃത്വത്തിനും ഗുണകരമാണ്. എല്ലാവരെയും ദേശീയധാരയിലേക്ക് കൊണ്ടുവരുകയെന്നതാണ് ബി.ജെ.പി ശ്രമം. ക്രൈസ്തവ, മുസ്ലിം സമുദായത്തോട് ബി.ജെ.പി.ക്ക് യാതൊരു വിരോധവുമില്ല. കശ്മീരില്‍ നാഷണല്‍ കോണ്‍ഫ്രന്‍സുമായി ബി.ജെ.പി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്നും ശോഭ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.