കോന്നി : കെ.സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കണമെന്ന് ബി.ഡി.ജെ.എസ്. സുരേന്ദ്രൻ മത്സരിച്ചാൽ വിജയ സാധ്യതയുണ്ടെന്നും എല്ലാ വിഭാഗങ്ങളുടെയും വോട്ടുകൾ ലഭിക്കുമെന്നുമാണ് ബി.ഡി.ജെ.എസിന്‍റെ കണക്കുകൂട്ടൽ. പത്തനംതിട്ടയിലെ സീറ്റ് വിഭജനത്തിൽ സുരേന്ദ്രന്‍റെ താത്പര്യമറിഞ്ഞ ശേഷം നിലപാട് വ്യക്തമാക്കുമെന്നും ബി.ഡി.ജെ.എസ് നേതാവ് കെ.പത്മകുമാർ പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തീരുമാനമായില്ലെങ്കിലും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കണമെന്ന ആവശ്യവുമായി പത്തനംതിട്ടക്ക് പുറമെ അഞ്ചിലേറെ ജില്ലാ കമ്മറ്റികള്‍ താത്പര്യമറിയിച്ചതിന് പിന്നാലെയാണ് ബി.ഡി.ജെ.എസും നിലപാട് വ്യക്തമാക്കുന്നത്. എസ്.എന്‍.ഡി.പി സമുദായത്തിന് ഭൂരിപക്ഷമുള്ള മണ്ഡലമായിരിന്നിട്ടും സുരേന്ദ്രന് തന്നെ കോന്നിയില്‍ മത്സരിക്കണമെന്നും സുരേന്ദ്രന്‍റെ താത്പര്യമറിഞ്ഞ ശേഷം മാത്രമെ പത്തനംതിട്ടയിലെ സീറ്റ് വിഭജനം സംബന്ധിച്ച് തങ്ങള് തീരുമാനം എടുക്കുകയുള്ളുവെന്നും ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ. പത്മകുമാര്‍ പറഞ്ഞു.
എന്‍.ഡി.എ വലിയ പ്രതീക്ഷകളോടെ നോക്കുന്ന എ ക്ലാസ് മണ്ഡലങ്ങളിലൊന്നായ കോന്നിയില്‍ സുരേന്ദ്രന് മികച്ച വിജയ സാധ്യതയാണുള്ളത്. ശബരിമല പ്രക്ഷോഭത്തിലൂടെ എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും അദ്ദേഹത്തിന് ലഭിച്ച പിന്തുണ മുന്നണിക്ക് അനുകൂലമാവും പത്മകുമാര്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തിരുവല്ലയിലും റാന്നിയിലുമാണ് ബി.ഡി.ജെ.എസ് പത്തനംതിട്ടയില്‍ മത്സരിച്ചത്. മുപ്പതിനായിരത്തിലെറെ വോട്ട് നേടി ഇരുമണ്ഡലങ്ങളിലും എല്‍.ഡി.എഫിനും യു.ഡി.എഫിനും കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ എഴുപത്തി അയ്യായിരത്തിലേറെ എസ്.എന്‍.ഡി.പി വോട്ടുകളുള്ള കോന്നിയില്‍ ഇത്തവണ ബി.ഡി.ജെ.എസ് തന്നെ മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിയുടെ താഴെ തട്ടുമുതല്‍ ശക്തമായി ഉയരുന്നുണ്ട്.