തിരുവനന്തപുരം : ബി.ജെ.പി സംസ്ഥാന ഘടകത്തിലെ പോരിന് അയവ് വരുത്താനായി കെ സുരേന്ദ്രന്‍ നടത്തിയ അനുനയ നീക്കം പാളി. ഓണ്‍ലൈനില്‍ ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ ശോഭാ സുരേന്ദ്രനടക്കമുള്ള നേതാക്കള്‍ വിട്ടു നിന്നു. പ്രമുഖ നേതാക്കള്‍ കൂട്ടത്തോടെ വിട്ടു നിന്നത് തിരഞ്ഞെടുപ്പ് അവലോകനത്തെയും ബാധിക്കുന്ന രീതിയിലേക്ക് മാറി. ഇങ്ങനെ പറഞ്ഞ് മഞ്ഞുരുക്കാനായിരുന്നു കെ.സുരേന്ദ്രന്‍റെ നീക്കം. പിന്നാലെ ഓണ്‍ലൈനില്‍ ഭാരവാഹി യോഗം വിളിച്ചു. എന്നാല്‍ ശോഭാ സുരേന്ദ്രനും പി.എം വേലായുധനും അടക്കമുള്ളവര്‍ പതിവ് നിസഹകരണത്തില്‍ തുടര്‍ന്നു. ഒപ്പം സി.കെ പത്മനാഭനും ഒ. രാജഗോപാലും എ.എന്‍ രാധാകൃഷ്ണനുമടക്കമുള്ളവരും യോഗത്തില്‍ പങ്കെടുത്തില്ല.
പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാതിരിക്കാനാണ് ഓണ്‍ലൈന്‍ യോഗമെന്നായിരുന്നു ഇവരുടെ നിലപാട്. ഇതോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തെയും കാര്യങ്ങള്‍ ബാധിച്ച് തുടങ്ങി. ഭാരവാഹി യോഗത്തിന് മുന്‍പ് കോര്‍ കമ്മറ്റി വിളിക്കുന്ന കീഴ് വഴക്കം ഇത്തവണ അട്ടിമറിച്ചെന്നാണ് സുരേന്ദ്രന്‍ വിരുദ്ധ പക്ഷത്തിന്‍റെ ആക്ഷേപം. പ്രശ്നങ്ങള്‍ പരിഹരിക്കാതെ വീട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് കൃഷ്ണദാസ് പക്ഷവും. ഇതോടെ ആർ.എസ്.എസിനെ കളത്തിലിറക്കി താല്‍ക്കാലികമായെങ്കിലും പോര് അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് കെ.സുരേന്ദ്രന്‍.