കോഴിക്കോട് : കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. കൊടകരയില്‍ കവര്‍ച്ചചെയ്ത പണം ബി.ജെ.പിയുടേത് തന്നെയാണെന്ന് പോലീസ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
കള്ളപ്പണത്തിന്റെ ഉറവിടം എവിടെ നിന്നുമാണെന്ന് വ്യക്തമാക്കുന്നതിന്റെ ഭാഗമായാകും സുരേന്ദ്രനെ ചോദ്യം ചെയ്യുക. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശ്ശൂര്‍ പോലീസ് ക്ലബ്ബില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. കോഴിക്കോട്ടെ വീട്ടില്‍ നേരിട്ടെത്തിയാണ് പോലീസ് സംഘം നോട്ടീസ് നല്‍കിയത്. അതേസമയം നുണപ്രചാരണത്തിലൂടെ പുകമറ സൃഷ്ടിക്കാന്‍ സിപിഎം മനഃപൂര്‍വ്വം ശ്രമിക്കുകയാണെന്നാണ് സംഭവവുമായി ബന്ധപ്പെട്ട് സുരേന്ദ്രന്റെ വാദം. തനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെല്ലാം സുരേന്ദ്രന്‍ പാടെ നിഷേധിക്കുകയും ചെയ്തു.