കോന്നി : ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോന്നി നിയോജക മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർഥി ചെലവാക്കിയത് കോടികൾ. മഞ്ചേശ്വരത്തും കോന്നിയിലും ഒരേസമയം മത്സരിച്ച കെ.സുരേന്ദ്രൻ പത്തോളം തവണയാണ് ഹെലികോപ്റ്ററിൽ ഇരു മണ്ഡലങ്ങളിലേക്കും പറന്നത് . മറ്റുജില്ലകളിൽ നിന്ന് പോലും നൂറുകണക്കിന് ആളുകളെ കോന്നിയിൽ എത്തിച്ച് നടത്തിയ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സുരേന്ദ്രനും പരിവാരങ്ങൾക്കും കോന്നിയിൽ ക്യാമ്പ് ചെയ്യുവാൻ മൂന്ന് അപ്പാർട്ടുമെന്റുകളും നിരവധി ലോഡ്ജുകളുമെടുത്തിരുന്നു.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി എടുത്ത അപ്പാർട്ട്മെന്റിലാണ് സാമ്പത്തിക കാര്യങ്ങൾ അടക്കം തെരഞ്ഞെടുപ്പിലെ എല്ലാ കരുനീക്കങ്ങളും നടന്നത്. മലയോര പ്രദേശങ്ങളിലും ഉള്‍ പ്രദേശങ്ങളിലും പണമൊഴുക്കി വോട്ട് നേടിയതായും പറയപ്പെടുന്നു. കോന്നി ആനക്കൂട് റോഡിൽ ജോയിന്റ് ആർ ടി ഓഫീസ് പ്രവർത്തിക്കുന്ന ബി ആൻഡ് ബി അപ്പാർട്ട്മെന്റിലെ മൂന്ന് അപ്പാർട്ട്മെന്റുകളാണ് സുരേന്ദ്രനായി ബി ജെ പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട എടുത്തത്. ഒന്നിൽ കെ.സുരേന്ദ്രനും മകൻ ഹരികൃഷ്‌ണനും മറ്റൊന്നിൽ ബി ജെ പി സംസ്ഥാന സെക്രട്ടറി കോഴിക്കോട് സ്വദേശി രഘുനാഥനും മറ്റൊരു അപ്പാർട്ട്‌മെന്റിൽ കെ.സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറും ആയിരുന്നു താമസം.
കെ സുരേന്ദ്രൻ ഇടക്കിടെ മഞ്ചേശ്വരത്ത് പോകാറുണ്ടെങ്കിലും മകൻ കോന്നിയിൽ തന്നെ നിന്നിരുന്നു.അപ്പാർട്ട്മെന്റ് കൂടാതെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് കോന്നി റോയൽ രാജ് റെസിഡൻസിയിലെ മുഴുവൻ മുറികളും ഒരു മാസത്തേക്ക് എടുത്തിരുന്നു. കുമ്പഴയിലെ ത്രീ സ്റ്റാർ ഹോട്ടലിൽ ആയിരുന്നു ദേശീയ നേതാക്കൾ ക്യാമ്പ് ചെയ്‌തിരുന്നത്. എന്നാൽ എത്രയൊക്കെ നടന്നിട്ടും കൊടകര കുഴൽപ്പണ വിവാദവമായി ബന്ധപ്പെട്ട് കോന്നിയിൽ അന്വേഷണ സംഘമെത്തി തെളിവുകൾ ശേഖരിച്ചു എന്ന വാർത്ത നിഷേധിക്കുകയാണ് അപ്പാർട്ട്മെന്റ് ഉടമകൾ ചെയ്തത്.