തിരുവനന്തപുരം: സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ പിണറായി സര്‍ക്കാരിന്റെ നടപടി വഞ്ചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തെ തൊഴിലില്ലായ്മയുടെ കേന്ദ്രമാക്കി മാറ്റുന്ന തലതിരിഞ്ഞ നയമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇടതുസര്‍ക്കാര്‍ കേരളത്തിലെ യുവജനങ്ങളോട് പരസ്യമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരിക്കലും പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്ന് പ്രഖ്യാപിച്ചിരുന്ന പിണറായി വിജയന്‍ ഒരിക്കല്‍ കൂടി തന്റെ വാക്കും പഴയ ചാക്കും ഒന്നാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.
ഡിവൈഎഫ്‌ഐയും എസ്‌എഫ്‌ഐയുമെല്ലാം പിരിച്ചുവിടുന്നതാണ് നല്ലത്. യുവാക്കള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്കൊന്നും ഇനി അര്‍ഹതയില്ല. ഭരിക്കുന്ന മന്ത്രിമാരുടെ പെട്ടിതാങ്ങുന്നതും ഭാര്യമാരെ പിന്‍വാതിലിലൂടെ ജോലിയില്‍ കയറ്റുന്നതും മാത്രമാണ് ഡിവൈഎഫ്‌ഐ നേതാക്കന്‍മാരുടെ രാഷ്ട്രീയ പ്രവര്‍ത്തനം. അനധികൃത നിയമനങ്ങളുടെ ഏജന്റുമാരായി മാറിയ ഇവര്‍ക്കൊക്കെ എങ്ങനെയാണ് പാവപ്പെട്ട യുവാക്കളുടെ അര്‍ഹമായ തൊഴിലിന് വേണ്ടി ശബ്ദമുയര്‍ത്താനാവുകയെന്നും സുരേന്ദ്രന്‍ ചോദിച്ചു.